വൈദ്യുതി ഉപയോഗം 80 ദശലക്ഷം യൂനിറ്റിലേക്ക്; കെ.എസ്.ഇ.ബി ജാഗ്രതയില്‍
തൊടുപുഴ: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഫെബ്രുവരിയില്‍ തന്നെ 80 ദശലക്ഷം യൂനിറ്റിലേക്ക് അടുത്തതോടെ കെ.എസ്.ഇ.ബി അതീവ ജാഗ്രതയില്‍. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത് 79.1189 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ്. ഇത് ഫെബ്രുവരി മാസത്തെ സര്‍വകാല റെക്കോര്‍ഡാണ്. ഇതില്‍ 62.94 ദശലക്ഷം യൂനിറ്റും പുറത്ത് നിന്നെത്തിച്ചപ്പോള്‍ 16.1789 ആയിരുന്നു ആഭ്യന്തര ഉല്‍പാദനം.
എസ്.എസ്.എല്‍.എസി അടക്കമുള്ള പരീക്ഷകള്‍ മാര്‍ച്ച് ആദ്യം ആരംഭിക്കാനിരിക്കെ ഉപയോഗം ഇനിയും വലിയ തോതില്‍ ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. 2019 മെയ് 23ന് ലോക്‌സഭ വോട്ടെണ്ണല്‍ ദിനത്തിലാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്. 88.3386 ദശലക്ഷം യൂനിറ്റായിരുന്നു അന്നത്തെ ഉപയോഗം.
ഈ റെക്കോഡ് ഇത്തവണ തകരുമെന്ന കണക്കുകൂട്ടലോടെയാണ് കെ.എസ്.ഇ.ബിയുടെ മുന്‍കരുതല്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 64 - 68 ദശലക്ഷം യൂനിറ്റായിരുന്നു ശരാശരി ഉപയോഗം.
പുറത്തുനിന്ന് 400 മെഗാവാട്ട് അധിക വൈദ്യുതി ലഭ്യമാക്കിയും ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാകുകയാണ് കെ.എസ്.ഇ.ബി. ഹ്രസ്വകാല കരാര്‍ വഴി 200 മെഗാവാട്ട് കൂടി പുറത്തുനിന്ന് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 2597.144 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 61 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 157.429 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."