നിരവധി മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍
കോവളം: നിരവധി മോഷണക്കേസുകളിലെ പ്രതികളെ വിഴിഞ്ഞം പൊലിസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി വിഴിഞ്ഞം പഴയപാലത്തിന് സമീപം താമസിക്കുന്ന പടയപ്പ എന്ന മുനിസ്വാമി (19), വെങ്ങാനൂര്‍ കരയടിവിള പിറവിളാകം വീട്ടില്‍ അഖിരാജ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് വിഴിഞ്ഞം പഴയപള്ളിക്ക് സമീപം ഐജിന്‍ എന്നയാളിന്റെ വീട് കുത്തിത്തുറന്ന് അകത്തു കയറി 1,03,000 രൂപയും രണ്ടു പവന്റെ സ്വര്‍ണാഭരണങ്ങളും 10000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
മോഷ്ടിച്ച മൊബൈല്‍ ബാലരാമപുരത്തെ ഒരു മൊബൈല്‍ കടയില്‍ പ്രതികള്‍ വിറ്റിരുന്നു. ഇത് ആ കടയില്‍നിന്നു പുതുതായി വാങ്ങിയയാള്‍ ഉപയോഗിച്ചു വരികയായിരുന്നു. ഈ മൊബൈലിന്റെ ഐ.എം.ഇ.ഐ നമ്പര്‍ സൈബര്‍സെല്‍ വഴി പിന്തുടര്ന്നാണ് പ്രതികളിലേക്കെത്തിയതെന്ന് വിഴിഞ്ഞം പൊലിസ് പറഞ്ഞു. പ്രതികളില്‍ ഒരാളെ മുക്കോലയില്‍ നിന്നും രണ്ടാമനെ വിഴിഞ്ഞം നോമാന്‍സ് ലാന്‍ഡില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
തീരദേശത്തെ വീടുകളില്‍ നടന്ന മറ്റു ചില മോഷണക്കേസിലും കഞ്ചാവ് ഉപയോഗവും വില്പനയും നടത്തിയ കേസിലും പ്രതികളാണ് പിടിയിലായവരെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."