സുവര്‍ണ ജൂബിലി നിറവില്‍ കൊല്ലം പ്രസ്‌ക്ലബ്
കൊല്ലം: കൊല്ലം പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് ശേഷം 3.30ന് കൊല്ലം ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി.സദാശിവം അധ്യക്ഷനാക്കും. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., കോര്‍പറേഷന്‍ മേയര്‍ വി. രാജേന്ദ്രബാബു, എം.എല്‍.എമാരായ എം.മുകേഷ്, എം.നൗഷാദ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സുവര്‍ണ ജൂബിലി ആഘോഷ ശിലാഫലകത്തിന്റെ അനാച്ഛാദനവും സുവര്‍ണ ജൂബിലി സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും ചടങ്ങില്‍ ഉപരാഷ്ട്രപതി നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് 3.20ന് ആശ്രാമം ഹെലിപാടില്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ എത്തുന്ന ഉപരാഷ്ട്രപതി കാര്‍ മാര്‍ഗം 3.30ന് വേദിയിലെത്തും. ചടങ്ങിനു ശേഷം 4.30ന് മടങ്ങും. ഉദ്ഘാടന ചടങ്ങിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കൊല്ലം ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സാമൂഹിക-സാംസ്‌കാരിക രാഷ്ര്ടീയ മേഘലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കൊല്ലം ജില്ലയുടെ സാമൂഹിക സാംസ്‌കാരിക മാധ്യമ മേഖലകളില്‍ സജീവ സാന്നിധ്യമായ കൊല്ലം പ്രസ് ക്ലബ് 1960കളുടെ ആദ്യമാണ് രൂപീകൃതമായത്. കൊല്ലത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കു സ്വന്തമായി ആസ്ഥാനമില്ലാത്ത കാലഘട്ടത്തിലാണ് പ്രസ് ക്ലബ് മന്ദിരം എന്ന ആശയം ഉടലെടുക്കുന്നത്.
പിന്നീട് ജനകീയ ദൗത്യമായി മന്ദിര നിര്‍മാണം മാറുകയായിരുന്നു. 1969 ഫെബ്രുവരി 22ന് പ്രസ് ക്ലബ് മന്ദിരത്തിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തറക്കല്ലിട്ടു. സ്വദേശാഭിമാനി കെ.രാമകൃഷണപിള്ളയുടെ പേരിലാണ് ഇന്ന് കൊല്ലം പ്രസ് ക്ലബ് മന്ദിരം അറിയപ്പെടുന്നത്.ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍,സുവനീര്‍ പ്രകാശനം, ഭവന നിര്‍മാണ പദ്ധതി,കുടുംബ സംഗമം, കായികമേള, മെഡിക്കല്‍ ക്യാംപ് തുടങ്ങിയവ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി.ബിജു, ഖജാന്‍ജി പി.എസ് പ്രദീപ്ചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ എസ്.ആര്‍ സുധീര്‍കുമാര്‍, പി.ആര്‍ ദീപ്തി, സംസ്ഥാന കമ്മിറ്റി അംഗം സി. വിമല്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."