HOME
DETAILS
MAL
കനത്ത വേനല്‍: വയനാട് വന്യജീവി സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
backup
February 27 2020 | 20:02 PM
കല്‍പ്പറ്റ: വേനല്‍ കനത്തതോടെ വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനത്തിനാണ് നിരോധനം. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 15 വരെയാണ് നിരോധനം. കാട്ടുതീ ഭീഷണിയും സഞ്ചാരികളുടെ സുരക്ഷയും കണക്കിലെടുത്താണ് നിരോധനമേര്‍പ്പെടുത്തിയത്. വേനല്‍ കടുത്തതോടെ വരള്‍ച്ച നേരിടുന്ന സങ്കേതത്തിന്റെ അതിര്‍ത്തി പ്രദേശമായ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കാണ് എത്തുന്നത്.
ഈ സമയങ്ങളില്‍ വന്യജീവി സങ്കേതത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരം വന്യജീവികളുടെ സൈ്വര വിഹാരത്തിന് തടസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് 1972-ലെ വന്യജീവി സംരക്ഷണ നിയമം, 33-ാം വകുപ്പ് പ്രകാരം പ്രവേശനം വിലക്കി വന്യജീവി വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. സങ്കേതത്തിലും പ്രവേശന വിലക്കേര്‍പ്പെടുത്തിയതോടെ വയനാട്ടില്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ നിലയിലായി. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, കുറുവ ദ്വീപ് തുടങ്ങി പ്രധാന കേന്ദ്രങ്ങളെല്ലാം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."