HOME
DETAILS
MAL
ലയനത്തിനില്ലെന്ന് അനൂപ് ജേക്കബ്
backup
February 28 2020 | 02:02 AM
കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇതേനിലയില്‍ മുന്നോട്ടു പോകുമെന്ന് അനൂപ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ ലയന ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ജോമോന് കുന്നുംപുറം യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹം ജോസഫ് വിഭാഗവുമായി ലയിക്കുന്നുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ തീരുമാനം മാത്രമാണ്. പാര്‍ട്ടിയുടെ സ്ഥാനമാനങ്ങള്‍ പലര്‍ക്കും നല്കി പാര്‍ട്ടി ജോസഫ് വിഭാഗവുമായി ലയിക്കുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളെല്ലാം വ്യാഴാഴ്ച നടന്ന ജില്ലാ നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ട്ടി ഭാരവാഹികളുടെ യോഗം മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് ചേരുമെന്നും അനൂപ് ജേക്കബ് പറഞ്ഞു. ജോണി നെല്ലൂരിന്റെ യു.ഡി.എഫ് സെക്രട്ടറി സ്ഥാനം സംബന്ധിച്ച് യു.ഡി.എഫിന് കത്ത് നല്‍കിയിട്ടുണ്ട്. യു.ഡി.എഫിന്റെ തീരുമാനം എന്താണോ അത് അംഗീകരിക്കും. ഇവിടെ പാര്‍ട്ടിക്കാണ് പ്രസക്തിയെന്നും വ്യക്തികള്‍ക്കല്ലെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേര്‍ത്തു.
ലയനത്തിന്
പിന്തുണയെന്ന്
യൂത്ത് ഫ്രണ്ട്
കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കാന്‍ സന്നദ്ധരാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് കുന്നുംപുറം പറഞ്ഞു. പാര്‍ട്ടി ലീഡര്‍ ആയിരുന്ന ടി.എം ജേക്കബിന്റെ സ്വപ്നമായിരുന്നു എല്ലാ കേരള കോണ്‍ഗ്രസുകളുടെയും ലയനം. ആര്. ബാലകൃഷ്ണ പിള്ള സജീവമല്ലാത്തതിനാല്‍ അടുത്ത മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ എല്ലാവരും പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിക്കണം. ജോണി നെല്ലൂരിനെ യു.ഡി.എഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടാന്‍ അനൂപ് ജേക്കബിന് സാധിക്കില്ല. അത് ജോണി നെല്ലൂര്‍ എന്ന വ്യക്തിക്ക് കിട്ടിയ സ്ഥാനമാണെന്നും ജോമോന് കുന്നുംപുറം വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യു പുല്ല്യാട്ടേല്‍ തരകന്, നവീന്‍ സെബാസ്റ്റ്യന്‍, ജില്ല പ്രസിഡന്റ് സിഗി ലാല്‍, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ജോബി പേരാമ്പ്ര, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് തിരുവമ്പാടി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."