പിഞ്ചോമനയുടെ കൊല: ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ഒന്നര വയസുകാരന്‍ വിയാനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവിന്റെ കാമുകനെയും പൊലിസ് അറസ്റ്റ്‌ചെയ്തു.
കൊലപാതക പ്രേരണാക്കുറ്റത്തിനാണ് മുഖ്യപ്രതി കുഞ്ഞിന്റെ മാതാവ് തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെ കാമുകനും ഭര്‍ത്താവിന്റെ സുഹൃത്തുമായ വലിയന്നൂരിലെ പുന്നക്കല്‍ നിതിനെ (28) അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തുമെന്നു ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, കണ്ണൂര്‍സിറ്റി സി.ഐ പി.ആര്‍ പ്രകാശന്‍ എന്നിവര്‍ പറഞ്ഞു.
കഴിഞ്ഞ 17ന് രാവിലെയാണു വീടിനോടു ചേര്‍ന്ന കടല്‍തീരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ വിയാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 18ന് രാത്രി ശരണ്യയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കൂടുതല്‍ ചോദ്യംചെയ്യാനായി 25ന് ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) ശരണ്യയെ ഏഴുദിവസത്തേക്കു പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
ശരണ്യയ്‌ക്കൊപ്പം നിതിനെയും പൊലിസ് ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുഞ്ഞിനെ കൊന്നുകളഞ്ഞാല്‍ ഒന്നിച്ചു ജീവിക്കാമെന്നു പെയിന്റിങ് തൊഴിലാളിയായ നിതിന്‍ ശരണ്യയോടു പറഞ്ഞിരുന്നു. ഇക്കാര്യം ശരണ്യ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം പുലര്‍ച്ചെ ശരണ്യയുടെ വീട്ടിലെത്തി ഇരുവരും ഇക്കാര്യം ദീര്‍ഘനേരം സംസാരിച്ചിരുന്നതായും പൊലിസ് വെളിപ്പെടുത്തി.
ശരണ്യയുടെ പേരില്‍ വായ്പയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കണ്ണൂരിലെ ഒരു ബാങ്കില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
ഈ സമയത്തും കുഞ്ഞിനെ കൊലപ്പെടുത്താന്‍ നിതിന്‍ പ്രേരിപ്പിച്ചതായി ശരണ്യ പൊലിസിനു മൊഴിനല്‍കി. ഇതുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. കാമുകനൊപ്പം ജീവിക്കാനായി മകനെ കൊലപ്പെടുത്തിയെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ശരണ്യയെ അറസ്റ്റ് ചെയ്തത്.
ആദ്യഘട്ടം പൊലിസ് ചോദ്യംചെയ്തപ്പോള്‍ ഭര്‍ത്താവ് വാരം സ്വദേശി പ്രണവാണ് കൃത്യം ചെയ്തതെന്നു വരുത്താന്‍ ശരണ്യ ശ്രമിച്ചെങ്കിലും പൊലിസിന്റെ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."