അധികാരമൊഴിഞ്ഞാല്‍ മദുറോക്ക് പൊതുമാപ്പ്
കാരക്കാസ്: വെനസ്വലന്‍ ഭരണപ്രതിസന്ധി അയവില്ലാതെ തുടരുന്നു. പ്രസിഡന്റ് നിക്കോളാസ് മദുറോ രാജിവയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അതിനിടെ, മദുറോയെ രാജിക്കു പ്രേരിപ്പിച്ച് പ്രതിപക്ഷ നേതാവ് വാന്‍ ഗെയ്‌ദോ രംഗത്തെത്തി. അധികാരമൊഴിഞ്ഞാല്‍ പൊതുമാപ്പ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഗെയ്‌ദോ വ്യക്തമാക്കി.
രാജ്യത്തെ ഭരണപ്രതിസന്ധി അവസാനിപ്പിക്കാന്‍ എല്ലാവഴികളും താന്‍ ആരാഞ്ഞിട്ടുണ്ട്. സൈന്യത്തെ അടക്കം ഇക്കാര്യത്തിനായി സമീപിച്ചു. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പാണു നമ്മുടെ ആവശ്യം.അത് എത്രയും പെട്ടെന്നു വേണം. സേച്ഛാധിപത്യത്തിനു കീഴിലാണ് നാമിപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ കക്ഷിഭേദമന്യേ എല്ലാവരും ഇതിനെതിരാണ്. വീടുകളില്‍ കുടിവെള്ളമില്ലാതെ, മരുന്നുകളില്ലാതെ, ഭക്ഷണം വാങ്ങാന്‍ വേണ്ട പണമില്ലാതെ ജനങ്ങള്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ആറു മാസത്തോളമായി-ഗെയ്‌ദോ അമേരിക്കന്‍ വാര്‍ത്താ ചാനലായ യൂനിവിഷനോട് വ്യക്തമാക്കി. രാജ്യത്ത് ഭരണഘടനാക്രമം പുനഃസ്ഥാപിക്കാന്‍ തയാറുള്ളവര്‍ക്കു പൊതുമാപ്പ് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും ചിലിയിലെ ജനാധിപത്യമാറ്റത്തില്‍ ഇതുപോലുള്ള നീക്കം ഫലപ്രദമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, വെനസ്വലയ്ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കാന്‍ യു.എസ് നീക്കമാരംഭിച്ചു. നിക്കോളാസ് മദുറോ യു.എസ് ബന്ധം വിച്ഛേദിച്ചതിനു പിറകെയാണ് യു.എസ് നീക്കം.
വെനിസ്വലയിലെ യു.എസ് നയതന്ത്രജ്ഞര്‍ കുടുംബസമേതം കാരക്കാസിലെ രാജ്യാന്തര വിമാനത്താവളം വഴി നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. 72 മണിക്കൂറിനകം രാജ്യംവിടണമെന്ന് യു.എസ് നയതന്ത്രജ്ഞര്‍ക്ക് മദുറോ മുന്നറിയിപ്പുനല്‍കിയിരുന്നു. തലസ്ഥാനത്തെ എംബസി അടച്ചുപൂട്ടാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, എംബസി അടയ്ക്കില്ലെന്നും നയതന്ത്ര പ്രതിനിധികള്‍ വെനസ്വലയില്‍ തന്നെ തുടരുമെന്നുമായിരുന്നു ആദ്യം അമേരിക്ക ഇതിനോട് പ്രതികരിച്ചത്. പിന്നീട് സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് എംബസിയിലുള്ള ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ഗെയ്‌ദോയെ പ്രസിഡന്റായി അംഗീകരിക്കുമെന്ന് ജര്‍മനി പ്രഖ്യാപിച്ചു. ഗെയ്‌ദോയെ പിന്തുണയ്ക്കാന്‍ യൂറോപ്യന്‍ യൂനിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍ അറിയിച്ചു. നേരത്തെ ബ്രസീല്‍, കൊളംബിയ, ചിലി, പെറു, ഇക്വഡോര്‍, അര്‍ജന്റീന, പരാഗ്വെ, കാനഡ എന്നീ രാജ്യങ്ങളും ഗെയ്‌ദോക്കു പിന്തുണ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."