ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍
കല്‍പ്പറ്റ: ജില്ലയില്‍ ഹെല്‍ത്ത് നഴ്‌സുമാരുടെ അഭാവം ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുന്നു. ജില്ലയിലെ 37 ഓളം ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ ഹെല്‍ത്ത് നഴ്‌സുമാരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
2016 ഏപ്രിലില്‍ 31 ഹെല്‍ത്ത് നഴ്‌സുമാര്‍ സ്ഥാനക്കയറ്റം ലഭിച്ച് എല്‍.എച്ച്.ഐമാരായി പോയതോടെയാണ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്.
ഈ തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നതിന് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. നിലവില്‍ ജോലി ചെയ്തുവരുന്ന ഒട്ടുമിക്ക ഹെല്‍ത്ത് നഴ്‌സുമാര്‍ക്കും ഒന്നില്‍ കൂടുതല്‍ ആരോഗ്യ ഉപകേന്ദ്രങ്ങളുടെ ചുമതല കൂടി വഹിക്കേണ്ടിവരുന്നതിനാല്‍ അമിത ജോലിഭാരം കാരണം തങ്ങളുടെ ജോലി ചെയ്തു തീര്‍ക്കുന്നതിനോ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തു തീര്‍ക്കുന്നതിനോ സാധിക്കുന്നില്ല.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് 2016 ജൂണ്‍ മാസംമുതല്‍ നിലവിലുണ്ട്. ഇതുവരെ രണ്ടു പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയിട്ടുള്ളത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയില്‍ ഫീല്‍ഡ്തല ആരോഗ്യ പ്രവര്‍ത്തനങ്ങളിലുണ്ടായ കുറവ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ തന്നെ ആരോഗ്യരംഗത്തും സാമ്പത്തിക രംഗത്തും പിന്നോക്കം നില്‍ക്കുന്ന ജില്ല എന്ന നിലയില്‍ വയനാട്ടിലെ സാധാരണക്കാരായ കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത് ആരോഗ്യ ഉപകേന്ദ്രങ്ങളെയാണ്.
കൂടാതെ വനാന്തരങ്ങളില്‍ ധാരാളമായി താമസിക്കുന്ന ആദിവാസി വിഭാഗങ്ങളുള്ള ജില്ലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പോകേണ്ടതിനുള്ള നഴ്‌സുമാരില്ലാത്തതും കടുത്ത പ്രയാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
അടിയന്തരമായി ആവശ്യത്തിനുള്ള നഴ്‌സുമാരെ നിയമിച്ചില്ല എങ്കില്‍ ജില്ലയില്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നുള്ളതാണ്. ജില്ലയില്‍ തന്നെ നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ളതിനാല്‍ എത്രയും വേഗം നഴ്‌സുമാരെ നിയമിക്കണമെന്നാണ് ജനകീയ ആവശ്യം.
ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെ അടുത്ത ബാച്ച് പരിശീലനം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഹെല്‍ത്ത് നഴ്‌സുമാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന അവസ്ഥയിലുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."