അദ്വാനിക്കും എം.എം ജോഷിക്കും ബി.ജെ.പി സീറ്റ് നല്‍കിയേക്കില്ല
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ സീറ്റ് നല്‍കണമോയെന്ന ചോദ്യം പാര്‍ട്ടിയില്‍ ശക്തമായി. 75 കഴിഞ്ഞവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നതെങ്കിലും ഇരുവരേയും മാറ്റി നിര്‍ത്തുന്നത് വലിയ വിലനല്‍കേണ്ടിവരുന്ന അവസ്ഥയുണ്ടാക്കുമെന്ന ആശങ്കയിലാണ് മോദി-അമിത്ഷാ കൂട്ടുകെട്ടിനുള്ളത്. 75 കഴിഞ്ഞവര്‍ക്ക് മത്സരിക്കാന്‍ തടസമില്ലെന്നും മന്ത്രിമരാകുന്നതിനാണ് തടസമെന്നുമാണ് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ നല്‍കുന്നത്.
അദ്വാനിക്ക് 91 വയസും മുരളി മനോഹര്‍ ജോഷിക്ക് 84 വയസുമായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നാണ് ഇന്നലെ മുരളീ മനോഹര്‍ ജോഷി പറഞ്ഞത്. 2014ല്‍ അദ്വാനി, ജോഷി, ശാന്തകുമാര്‍, ബി.സി ഖണ്ഡൂരി എന്നീ മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ച് ജയിച്ചെങ്കിലും മോദി അവരെ അകറ്റിനിര്‍ത്തുകയായിരുന്നു. പാര്‍ട്ടിയിലെ ഉപദേശക റോളിനപ്പുറം മറ്റൊരു സ്ഥാനവും ഇവര്‍ക്ക് നല്‍കാന്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് തയാറായില്ല.
പാര്‍ലമെന്ററി എസ്റ്റിമേറ്റ് കമ്മിറ്റി അംഗമായിരുന്ന ജോഷി, പക്ഷെ സര്‍ക്കാരിന്റെ ചില നയങ്ങളെ ശക്തമായി ചോദ്യം ചെയ്തിരുന്നു. മഹാസഖ്യത്തിന്റെ വരവില്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തില്‍ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത് അദ്വാനി, ജോഷി, യശ്വന്ത് സിന്‍ഹ തുടങ്ങിയവര്‍ മോദിക്ക് കത്തയച്ചിരുന്നു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും മോദി-അമിത്ഷാ അച്ചുതണ്ട് മുതിര്‍ന്ന നേതാക്കളെയെല്ലാം പ്രചാരണ രംഗത്തുനിന്ന് അകറ്റി നിര്‍ത്തിയിരുന്നു.
ഈ നീക്കം അടുത്ത തെരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കില്‍ അദ്വാനിക്കും ജോഷിക്കുമെല്ലാം സീറ്റ് നിഷേധിക്കപ്പെടും.
അതിനിടയില്‍ ആരോഗ്യകാരണങ്ങളാണ് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജ്, ജലവിഭവ മന്ത്രി ഉമാ ഭാരതി എന്നിവര്‍ക്ക് സീറ്റ് നല്‍കാന്‍ സാധ്യതയില്ലെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."