കൊട്ടിയൂര്‍ പീഡനം: വിചാരണ പൂര്‍ത്തിയായി
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് മുന്‍പാകെ പൂര്‍ത്തിയായി. ഫാ.റോബിന് വടക്കുംചേരിയാണു കേസിലെ മുഖ്യപ്രതി.
കൊട്ടിയൂര്‍ നീണ്ടുനോക്കി ദേവാലയത്തിലെ വൈദികനായിരുന്ന ഫാ.റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണു കേസ്.
പീഡനത്തിനിരയായ കുട്ടി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. കംപ്യൂട്ടര്‍ പഠനത്തിന് പള്ളിമേടയിലെത്തിയ പതിനാറുകാരിയെയാണ് വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. കേസില്‍ ഫാ.റോബിനെ ഡി.എന്‍.എ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ഫാ.റോബിന് തന്നെയാണെന്നു ഡി.എന്‍.എ പരിശോധനയിലും തെളിഞ്ഞിരുന്നു. ഫാ.റോബിന് ഒഴികെയുള്ള പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹരജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു.
2017 ഫെബ്രുവരി 26നാണ് സംഭവത്തില്‍ കേളകം പൊലിസ് കേസെടുത്തത്. ഫാ.റോബിന് ഉള്‍പ്പെടെ 10 പേരായിരുന്നു തുടക്കത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ മൂന്നുപേര്‍ സുപ്രിംകോടതി വിധിയെ തുടര്‍ന്ന് കേസില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഏഴുപേരാണു കേസില്‍ വിചാരണ നേരിടുന്നത്.
2017 ഏപ്രില്‍ 20നാണ് കൊട്ടിയൂര്‍ കേസിന്റെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് തലശ്ശേരി കോടതി മുന്‍പാകെ സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്താണ് ഹാജരാകുന്നത്.
പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ പി. രാജന്, ജോണ്‍ സെബാസ്റ്റ്യന്‍ അനികുമാര്‍ എന്നിവരുമാണ് ഹാജരാകുന്നത്. കേസ് സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ വിചാരണ കോടതി മുന്‍പാകെ നടന്നുവരുന്നുണ്ട്. കേസ് 31നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."