ആര്‍ക്കുമറിയില്ല പുലിമാര്ഗം
കണ്ണൂര്‍: നഗരത്തിനെ എട്ടുമണിക്കൂറോളം വിറപ്പിച്ച പുലിയെത്തിയത് ഗുഡ്സ് ട്രെയിനില്‍ ഒളിച്ചിരുന്നാണ് നിഗമനം. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് തായത്തെരു റെയില്‍വേ ഗേറ്റിനു സമീപം പുലിയെ കാണുന്നത്. രാത്രി പത്തരയോടെയാണ് റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്നും പുലിയെ മയക്കുവെടിവച്ചു പിടികൂടിയത്.
ഇന്നലെ ഉച്ചയ്ക്കു കോഴിക്കോടു ഭാഗത്തു നിന്നും വന്ന ഗുഡ്സ് ട്രെയിന്‍ തായത്തെരു കട്ടിങില്‍ നിര്‍ത്തിയിട്ടിരുന്നു. ദൂരദേശങ്ങളിലെ വനാന്തരങ്ങളില്‍ നിന്നും വാഗണില്‍ കയറിയ പുലി കണ്ണൂരിലെത്തുകയായിരുന്നുവെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംശയം. ദിവസങ്ങള്‍ക്കു മുന്‍പ് അഞ്ചരക്കണ്ടിക്കടുത്തു പുലിയിറങ്ങിയതായി അഭ്യൂഹമുയര്‍ന്നിരുന്നു. ഇതാണ് തായത്തെരു ഭാഗത്തെത്തിയതെന്നും പ്രചാരണമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഴീക്കോട് ചാല് ബീച്ചില്‍ പുലിയെ പിടികൂടിയിരുന്നു. ഇതിനുശേഷം കണ്ണൂരില്‍ പിടിയിലാകുന്നതാണിത്. വനത്തിലെ കൊടുംവരള്‍ച്ചയും ചൂടും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലെത്താന്‍ പ്രേരിപ്പിക്കുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."