ഡല്‍ഹി പൊലിസ് 'പരിധിക്ക് പുറത്ത്', പരിമിതി നോക്കാതെ നടപടിയെടുത്ത് ഈ പൊലിസ് ഓഫിസര്‍
ലഖ്‌നൗ: ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കുനേരെ സംഘ്പരിവാര്‍ ക്രൂരമായ ആക്രമണം തുടങ്ങിയപ്പോള്‍, ഡല്‍ഹി പൊലിസ് വാര്‍ത്താപ്രാധാന്യം നേടിയത് രണ്ടു കാര്യങ്ങളിലായിരുന്നു. ഒന്ന്, അക്രമികള്‍ക്കെതിരേ നടപടിയെടുക്കാതെ നിസംഗരായിരുന്നതിന്. രണ്ട്, അക്രമികള്‍ക്കൊപ്പം അഴിഞ്ഞാടിയതിന്. ഇരകള്‍ സഹായത്തിനു വിളിച്ചപ്പോള്‍ പോലും ഡല്‍ഹി പൊലിസ് 'പരിധിക്കു പുറത്താ'യിരുന്നു.
എന്നാല്‍, ഉത്തര്‍പ്രദേശിലെ ഒരു ഡിവൈ.എസ്.പി തന്റെ പരിമിതികള്‍ മറികടന്നും അക്രമികളെ തുരത്തിയതാണ് കഴിഞ്ഞ ദിവസം അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായത്. ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന യു.പിയിലെ ഉദ്യോഗസ്ഥനായ നീരജ് ജദാന്‍ എന്ന പൊലിസുകാരന്‍, അക്രമം നടക്കുന്നത് തന്റെ അധികാരപരിധിക്കു പുറത്തായിട്ടും കൈയുംകെട്ടി നോക്കിനില്‍ക്കാതെ ഇടപെടുകയും അക്രമികളെ തുരത്തുകയുമായിരുന്നു. സംസ്ഥാന അതിര്‍ത്തിയിലെ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തവേ, അക്രമികള്‍ വെടിവയ്ക്കുന്ന ശബ്ദം കേട്ടെന്നും തന്റെ അധികാരപരിധിക്കും സംസ്ഥാനത്തിനും പുറത്തായിരുന്നിട്ടും താനും സഹപ്രവര്‍ത്തകരും അവിടെയെത്തിയെന്നും ഈ പൊലിസുകാരന്‍ പറയുന്നു.
അപ്പോള്‍, ഡല്‍ഹിയിലെ കാരവല്‍ നഗറില്‍ അക്രമികള്‍ വീടുകള്‍ക്കുനേരെ പെട്രോള്‍ ബോംബുകള്‍ എറിയുകയായിരുന്നു. ഇദ്ദേഹം നില്‍ക്കുന്നതിന്റെ 200 മീറ്റര്‍ മാത്രം അകലെയായിരുന്നു ഇത്. അന്‍പതോളം പേരാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നതെന്നു പറഞ്ഞ അദ്ദേഹം, താനും സഹപ്രവര്‍ത്തകരും പ്രോട്ടോക്കോളും അതിര്‍ത്തിയും മറന്ന് അവിടെയെത്തിയെന്നും അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും വ്യക്തമാക്കി. എന്നാല്‍, അവര്‍ പിന്‍മാറാന്‍ തയാറായില്ല.
പിന്‍മാറിയില്ലെങ്കില്‍ വെടിവയ്ക്കുമെന്നു തങ്ങള്‍ പറഞ്ഞെങ്കിലും അവര്‍ പൊലിസിനു നേരെ കല്ലേറ് നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു പൊലിസ് സംഘം നടപടി ആരംഭിച്ചതോടെ അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.
അതിര്‍ത്തി മറന്ന് സംഘര്‍ഷമൊതുക്കാന്‍ പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കും തന്റെ നടപടിയെ അഭിനന്ദിച്ച മേലുദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. അക്രമം ആസൂത്രിതമായിരുന്നെന്നു വ്യക്തമാണെന്നും ഈ പൊലിസുദ്യോഗസ്ഥന്‍ പറയുന്നു. താന്‍ ഹീറോയല്ലെന്നും, ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."