രാംസേവകിനോട് മുസ്‌ലിംകള്‍ പറഞ്ഞു 'ധൈര്യമായി ഉറങ്ങിക്കോളൂ, ആരും ഒന്നും ചെയ്യില്ല'
ന്യൂഡല്‍ഹി: ഡല്‍ഹി കത്തിയെരിഞ്ഞ രാത്രി ശിവവിഹാറിലെ രാം സേവകിന്റെ വീട്ടില്‍ പ്രദേശത്തെ മുസ്‌ലിംകള്‍ വന്നു. അവര്‍ അദ്ദേഹത്തോട് പറഞ്ഞു: 'അങ്കിള്‍, നിങ്ങള്‍ ധൈര്യമായി ഉറങ്ങിക്കോളൂ. നിങ്ങളെ ആരും ഒന്നും ചെയ്യില്ല. ഞങ്ങള്‍ പുറത്തു കാവലുണ്ട് '. ശിവവിഹാറിലെ താനുള്‍പ്പടെയുള്ള ഹിന്ദു കുടുംബങ്ങളെ മുസ്‌ലിംകള്‍ സംരക്ഷിച്ചതിനെക്കുറിച്ച് രാം സേവകിന് പറയാന്‍ ഒരുപാടുണ്ട്.
ശിവവിഹാറിലെ അദ്ദേഹം താമസിക്കുന്ന ഗലിയില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഒന്നോ രണ്ടോ വീടുകള്‍ മാത്രമേ ഹിന്ദുക്കളുടെതായിട്ടുള്ളൂ. ഒരു വീടിനുപോലും പോറലേറ്റില്ലെന്നു മാത്രമല്ല, സംഘ്പരിവാര്‍ ആക്രമണത്തില്‍നിന്ന് അവരുടെ ഗലിയെയും വീടുകളെയും പ്രദേശത്തെ മുസ്‌ലിംകള്‍ കാവല്‍നിന്ന് സംരക്ഷിക്കുകയും ചെയ്തു.
35 വര്‍ഷമായി താനിവിടെ താമസിക്കുന്നു. മുസ്‌ലിംകളെല്ലാം എന്റെ സഹോദരന്‍മാരാണെന്ന് രാംസേവക് പറയുന്നു. അവര്‍ പുറത്തുള്ളപ്പോള്‍ എനിക്കും കുടുംബത്തിനും പേടിക്കേണ്ടതില്ലായിരുന്നു. കലാപം തുടങ്ങിയപ്പോള്‍ തന്നെ അയല്‍വാസികളായ മുസ്‌ലിംകള്‍ ഈ ഉറപ്പുമായി തന്റെ വീട്ടിലെത്തിയെന്ന് രാംസേവക് പറയുന്നു. അവരെയെല്ലാം എനിക്കറിയാം. അവിശ്വസിക്കേണ്ട കാര്യമില്ലായിരുന്നു അദ്ദേഹം പറഞ്ഞത്.
തിഹാറ ചമന്‍ പാര്‍ക്കിലെ ശിവമന്ദിറിന് മുസ്‌ലിംകള്‍ കാവലിരുന്നതായിരുന്നു മറ്റൊരു സംഭവം. മന്ദിര്‍ തകര്‍ത്ത് പ്രശ്‌നമുണ്ടാക്കാന്‍ അക്രമികള്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് 72 മണിക്കൂറാണ് പ്രദേശത്തെ മുസ്‌ലിംകള്‍ കാവലിരുന്നത്. പള്ളികള്‍ മാത്രമല്ല, അക്രമികളില്‍നിന്ന് ഒരേ സമയം അമ്പലങ്ങളും സംരക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടായെന്ന് പ്രദേശവാസിയായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു. ഉറക്കമില്ലാതെയായിരുന്നു കാവല്‍. കലാപം അടങ്ങുവോളം ഗ്രാമവാസികള്‍ മാറിമാറി കാവലിരിക്കുകയായിരുന്നു ഗ്രാമങ്ങളില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."