റോഡിന്റെ പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ച് കരാറുകാര്‍ സ്ഥലംവിട്ടു
കുന്ദമംഗലം: 25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കൂളിമാട്-കളന്‍തോട് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കാതെ കരാറുകാര്‍ സ്ഥലംവിട്ടതായി ആക്ഷേപം. കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലും ഇലക്ട്രിക് തൂണുകള്‍ മാറ്റുന്നതിലുമുള്ള കാലതാമസവും നിര്‍മാണ പ്രവൃത്തിക്ക് തടസമായിരിക്കുന്ന മരം മുറിച്ചുമാറ്റാന്‍ അനുമതി ലഭിക്കാത്തതും നിര്‍മാണ പ്രവൃത്തിക്കിടെ രാഷ്ട്രീയക്കാരുടെ അമിത ഇടപെടലുമാണ് നിര്‍മാണ പ്രവൃത്തി നിര്‍ത്തിവയ്ക്കാനിടയായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
റോഡരികില്‍ ഏറെക്കുറെ നിര്‍മാണ പ്രവൃത്തിയ്ക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കിളച്ചിട്ടതിനാല്‍ പൊടിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. ത്രിമതി കോണ്‍ട്രാക്ടിങ് കമ്പനി നിലമ്പൂര്‍ എന്ന സ്ഥാപനമാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ ജൂണ്‍ 28നാണ് പി.ടി.എ റഹിം എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഏറേ പ്രയോജനകരമാകുമായിരുന്ന റോഡിനെ വളരെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കണ്ടിരുന്നത്. റോഡ് നിര്‍മാണത്തോടനുബന്ധിച്ച് വീതികൂട്ടല്‍, കള്‍വേര്‍ട്ട്, ഡ്രെയിനേജ്, നടപ്പാത, സ്ട്രീറ്റ് ലൈറ്റ്, സിഗ്‌നല്‍, ജങ്ഷന്‍ ഡിസൈന്‍, സൗന്ദര്യവല്‍ക്കരണം തുടങ്ങിയവും പദ്ധതിയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."