പ്രവാസി വോട്ടിനായി എന്‍.ആര്‍.ഐ കമ്മിഷന്‍
തിരുവനന്തപുരം : പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കണമെന്ന ആവശ്യത്തെ ശക്തമായി പിന്തുണച്ച് സംസ്ഥാന എന്‍.ആര്‍.ഐ കമ്മിഷന്‍. തൊഴിലെടുക്കുന്ന രാജ്യത്തുനിന്ന് വോട്ട് ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഇനിയും വൈകാതെ സാധ്യമായ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ പ്രമേയം പാസാക്കി.
ഏറെക്കാലമായുള്ള ആവശ്യത്തില്‍ സംസ്ഥാനത്തെ പ്രവാസികളുടെ താല്‍പ്പര്യം പരിഗണിച്ചാണ് കമ്മിഷന്റെ അഭ്യര്‍ഥന.
എന്‍.ആര്‍.ഐ കമ്മിഷന്‍ അംഗവും പ്രവാസിവോട്ട് വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഹരജിക്കാരനുമായ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലിലാണ് തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടന്ന കമ്മിഷന്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
2014ല്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലടക്കം നേരിട്ട കാലതാമസം ഡോ. ഷംഷീര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹരജിയില്‍ ഏപ്രിലില്‍ തീരുമാനം എടുക്കുമെന്ന് സുപ്രിംകോടതി പരാമര്‍ശിച്ചിരുന്നു.
ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുകയെന്ന പ്രവാസികളുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാക്കാന്‍ കമ്മിഷന്‍ അഭ്യര്‍ഥന ഉന്നയിക്കണമെന്ന ഡോ. ഷംഷീറിന്റെ ആവശ്യത്തെ അംഗങ്ങള്‍ ഒറ്റക്കെട്ടായി പിന്തുണച്ചു. ഭാരിച്ച യാത്രാ ചെലവ് പരിഗണിച്ച് മിക്കപ്പോഴും പ്രവാസികള്‍ ജനാധിപത്യ അവകാശം വിനിയോഗിക്കാതിരിക്കുകയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ക്ക് വോട്ടവകാശം എത്രയും പെട്ടന്ന് നടപ്പാക്കേണ്ടത് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്നും എന്‍.ആര്‍.ഐ കമ്മിഷന്‍ അധ്യക്ഷന്‍ റിട്ട: ജസ്റ്റിസ് പിഡി രാജന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ചു വോട്ടവകാശം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ 2018ല്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതു കാരണം ബില്‍ രാജ്യസഭയില്‍ എത്താതെ അസാധുവായി. പിന്നീട് ബില്‍ വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതില്‍ തീരുമാനം ആയിട്ടില്ല.
ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് അവരുടെ തൊഴില്‍ ചെയ്യുന്ന സ്ഥലത്തു തന്നെ വോട്ടവകാശം അനുവദിക്കണമെന്ന ആവശ്യവും സര്‍ക്കാരിന്റെയും കമ്മിഷന്റെയും പരിഗണനയിലുണ്ട് .വിദേശകാര്യ മന്ത്രാലയത്തിന്റെ 2012ലെ കണക്കുകള്‍ പ്രകാരം 1,00,37,761 പ്രവാസികള്‍ക്ക് വോട്ടവകാശമുണ്ട്. എന്നാല്‍ 11,000 പേര്‍ മാത്രമേ വോട്ട് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്നു അതേ കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."