ഭിന്നശേഷിക്കാര്‍ക്കൊപ്പം സമ്മതിദായക ദിനാഘോഷം
കൊല്ലം: സമ്മതിദായകരുടെ ദേശീയദിനം ഭിന്നശേഷിക്കാരുടെ സാന്നിധ്യത്തില്‍ കൊല്ലം കലക്ടറേറ്റില്‍ ആഘോഷിച്ചു. ഭിന്നശേഷിക്കാരെ തെരരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ഉദ്ഘാടനം ചെയ്തു. അവസാന വോട്ടര്‍ക്കും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ അര്‍ഥവത്താക്കുന്നതില്‍ വോട്ടവകാശത്തിന് സവിശേഷ സ്ഥാനമാണുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയാകെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള പ്രവര്‍ത്തനവും പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ഭിന്നശേഷിക്കാരനും യുവജന കമ്മിഷന്റെ യൂത്ത് ഐക്കണ്‍ ജേതാവുമായ പി.എസ് കൃഷ്ണകുമാര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന വിഷയത്തില്‍ മുളങ്കാടകം യു.ഐ.ടി പ്രിന്‍സിപ്പല്‍ ഡോ. എ. മോഹനകുമാര്‍ പ്രഭാഷണം നടത്തി. ഗായകനും ഭിന്നശേഷിക്കാരനുമായ ശരത് കൊല്ലം ഗാനങ്ങളാലപിച്ചു. എ.ഡി.എം ബി. രാധാകൃഷ്ണന് അധ്യക്ഷനായി.
സബ് കലക്ടര്‍ എ. അലക്സാണ്ടര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി.ആര് ഗോപാലകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, തഹസില്‍ദാര്‍ ടി.ആര് അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ക്വിസ്മത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."