ദേശീയപാതയോരം മാലിന്യമുക്തമാക്കാന്‍ പരിയാരം പഞ്ചായത്ത്
തളിപ്പറമ്പ്: ദേശീയപാതയോരം മാലിന്യമുക്തമാക്കുന്നതിന് പരിയാരം പഞ്ചായത്ത് കര്‍മ പദ്ധതികള്‍ തയാറാക്കുന്നു. ഹരിത കേരളം, വനംവകുപ്പ്, ശുചിത്വ മിഷന് എന്നിവ സംയുക്തമായി നടത്തുന്ന ശുചിത്വ ഗ്രാമം സുന്ദരഗ്രാമം പദ്ധതിയുടെ ഭാഗമായാണ് മാലിന്യമുക്ത പരിപാടികള്‍ നടപ്പാക്കുന്നത്.
ഇതിനോടനുബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് അധ്യക്ഷനായി. ഫെബ്രുവരി 10ന് കുപ്പം പരിയാരം ദേശീയപാതയില്‍ ഒന്‍പത് കിലോമീറ്റര്‍ ഭാഗങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യും.
ഇതിനായി ഒരോ വാര്‍ഡില്‍ നിന്നും 100 വീതം അംഗങ്ങളുളള കര്‍മസമിതിയും ശുചിത്വ സേനയും സ്ഥിരമായി മോണിറ്ററിങ് സംവിധാനവും ഏര്‍പ്പെടുത്തും.
ജൈവ, അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ബാസ്ക്കറ്റുകള്‍ സ്ഥാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ സി.സി ടി.വി കാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കും. 28 മുതല്‍ ഫെബ്രുവരി അഞ്ചുവരെ പഞ്ചായത്തിലെ നാനോ ക്ലസ്റ്ററുകള്‍ വിളിച്ചുചേര്‍ത്ത് വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും പ്രസിഡന്റ് എ. രാജേഷ് പറഞ്ഞു.
ശുചിത്വമിഷന് കോഡിനേറ്റര്‍ ടി.ജി അഭിജിത്ത്, ഹരിത കേരളം ജില്ലാ പ്രതിനിധി എം. സുരേശന്, എം.ടി മനോഹരന്, പി. രഞജിത്ത്, പി.വി ഗോപാലന്, എം. ചന്ദ്രന്, കെ.കെ പത്മനാഭന്, എം. അഷ്റഫ്, ഇ. വിജയന്, ജനപ്രതിനിധികള്‍, വിപിന്‍ അണിയേരി (ദേശിയ പാത അസി. എന്‍ജിനീയര്‍), കെ.സി ശശിധരന് (എം.എസ് ബ്ലോക്ക് പഞ്ചായത്ത്), പി.പി ജിതേഷ് (അസി. എന്‍ജിനീയര്‍ കെ.എസ്.ഇ.ബി), എം. ഗംഗാധരന് (കൃഷി ഓഫിസര്‍), ടി. സുരേഷ് (എ.എസ്.ഐ പരിയാരം), രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വ്യാപാരി പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളി പ്രതിനിധികള്‍, റിസോഴ്സ് പേഴ്സണ്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."