യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍നിന്ന് വിട്ടുനില്‍ക്കരുത്: പി.വി മനേഷ്
കണ്ണൂര്‍: യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് തിരുത്തണമെന്ന് ശൗര്യചക്ര ജേതാവും ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണുമായ എന്‍.എസ്.ജി കമാന്റോ പി.വി മനേഷ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘടിപ്പിച്ച സമ്മതിദായകരുടെ ദേശീയ ദിനാഘോഷം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതലായും ഇന്ന് സമ്മതിദാന അവകാശം നിര്‍വഹിക്കുന്നത് മുതിര്‍ന്ന പൗരന്‍മാരാണ്. വിവിധ അവകാശങ്ങള്‍ക്കായി നവമാധ്യമങ്ങള്‍ വഴി പോരാടുന്ന യുവാക്കള്‍ തന്നില്‍ അര്‍പ്പിതമായ അവകാശവും അധികാരവും വിനിയോഗിക്കാന്‍ മുന്നോട്ട് വരണം. സൈനികര്‍ക്ക് ശത്രുക്കളെ തുരത്താന്‍ ഒരു വെടിയുണ്ട മതി. അങ്ങനെയുള്ള ഓരോ വെടിയുണ്ടകളുമാണ് രാജ്യത്തിന്റെ സുരക്ഷ. അതുപോലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ബുള്ളറ്റാണ് വോട്ടവകാശമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടര്‍ മീര്‍ മുഹമ്മദലി അധ്യക്ഷനായി. എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്‍ സമ്മതിദായകരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പൊലിസ് മേധാവി ജി. ശിവ വിക്രം, പുരുഷോത്തമന്‍, ജെസി ജോണ്‍, കെ.കെ അനില്‍കുമാര്‍, ആന്‍ഡ്രൂസ് വര്‍ഗീസ്, ഹുസൂര്‍ ശിരസ്തദാര്‍ പി.വി അശോകന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."