നിര്‍ണായക ലീഡുമായി ആസ്‌ത്രേലിയ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസിനു 48 റണ്‍സ് ലീഡ്
ബംഗളൂരു: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ലീഡ് സ്വന്തമാക്കി ആസ്‌ത്രേലിയ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 189 റണ്‍സിനു മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിട്ടുണ്ട്.
നാലു വിക്കറ്റുകള്‍ കൈയിലിരിക്കേ ആസ്‌ത്രേലിയക്ക് 48 റണ്‍സിന്റെ ലീഡുണ്ട്. മാത്യു വെയ്ഡ് (25), മിച്ചല്‍ സ്റ്റാര്‍ക്ക് (14) എന്നിവരാണ് ക്രീസില്‍. അര്‍ധ സെഞ്ച്വറി നേടിയ മാറ്റ് റെന്‍ഷോ (60), ഷോണ്‍ മാര്‍ഷ് (66) എന്നിവരുടെ ബാറ്റിങാണു ഓസീസിനു ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിനു സ്‌കോര്‍ 52ല്‍ നില്‍ക്കേ വാര്‍ണറുടെ വിക്കറ്റ് നഷ്ടമായി. 33 റണ്‍സാണു വാര്‍ണര്‍ കണ്ടെത്തിയത്.
പിന്നാലെയെത്തിയ നായകന്‍ സ്മിത്തിനെ എട്ടു റണ്‍സില്‍ വീഴ്ത്തി ജഡേജ ഇന്ത്യക്ക് ത്രൂ നല്‍കിയെങ്കിലും മൂന്നാം വിക്കറ്റില്‍ റെന്‍ഷോ- ഷോണ്‍ മാര്‍ഷ് സഖ്യം പിടിച്ചു നിന്നത് കാര്യങ്ങള്‍ ഓസീസിനു അനുകൂലമാക്കി. ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 196 പന്തില്‍ 60 റണ്‍സെടുത്ത റെന്‍ഷോയെ ജഡേജ മടക്കി.
പിന്നാലെ ഹാന്‍ഡ്‌സ്‌കോംപ് (16), മിച്ചല്‍ മാര്‍ഷ് (പൂജ്യം) എന്നിവരേയും മടക്കി ഇന്ത്യ പ്രതീക്ഷ ജനിപ്പിച്ചെങ്കിലും ഷോണ്‍ മാര്‍ഷിനൊപ്പം മാത്യു വെയ്ഡ് ചേര്‍ന്നതോടെ കാര്യങ്ങള്‍ വീണ്ടും ഓസീസ് വരുതിയില്‍ വന്നു.
ഇരുവരും ചേര്‍ന്നു ടീമിനെ ലീഡിലേക്കു നയിച്ചു. സ്‌കോര്‍ 220ല്‍ ഷോണ്‍ മാര്‍ഷിനെ ഉമേഷ് യാദവ് പുറത്താക്കി. കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം അവസാനിപ്പിക്കാന്‍ ആസ്‌ത്രേലിയന്‍ ടീമിനു സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."