സി.പി.എം ഓഫിസ് റെയ്ഡ്: ചൈത്ര തെരേസാ ജോണിനെതിരേ റിപ്പോര്‍ട്ട്
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലെ റെയ്ഡില്‍ മുന്‍ ഡി.സി.പി ചൈത്ര തെരേസാ ജോണിനെതിരേ റിപ്പോര്‍ട്ട്. പരിശോധന നടത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നും റെയ്ഡിന്റെ വിവരം സിറ്റി പൊലിസ് കമ്മീഷണര്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് ഏബ്രഹാം ഡി.ജി.പിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നിരിക്കെ, റെയ്ഡിന് മുമ്പ് സാഹചര്യം പരിശോധിച്ചില്ല. പ്രതികള്‍ പാര്‍ട്ടി ഓഫിസിലുണ്ടാകുമെന്ന ഉറപ്പും അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രതികള്‍ പാര്‍ട്ടി ഓഫിസില്‍ ഒളിച്ചിരുന്നതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര തെരേസ ജോണ്‍ എ.ഡി.ജി.പി മനോജ് ഏബ്രാഹാമിനെ അറിയിച്ചിട്ടുണ്ട്. ഈ വിശദീകരണവും റിപ്പോര്‍ട്ടിലുണ്ടാവും.
അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയതിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്. ആദ്യം കമ്മീഷണറെ അന്വേഷണം ഏല്‍പ്പിക്കാനാണ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥന് തന്നെ അന്വേഷണം നടത്തണമെന്ന നിര്‍ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി മനോജ് ഏബ്രാഹാമിന് അന്വേഷണ ചുമതല നല്‍കിയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ടയായിരുന്നു ഡി.സി.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ആരെയും റെയ്ഡില്‍ പിടികൂടാന്‍ സാധിച്ചില്ല.
തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചു. ഇതോടെ ചൈത്രയെ ഡി.സി.പിയുടെ ചുമതലയില്നിന്ന്് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. വനിതാ സെല്‍ എസ്.പിയുടെ ചുമതലയിലേക്ക് തിരികെ നിയമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."