നോക്കിയത് മുസ്ലിമാണോ എന്നു മാത്രം; ഡല്‍ഹിയില്‍ സംഘ് ഭീകരര്‍ തീ വെച്ച് നശിപ്പിച്ചതില്‍ ബി.ജെ.പി ന്യൂനപക്ഷ നേതാവ് അക്തര്‍ റാസയുടെ വീടും
ന്യൂഡല്‍ഹി: മുസ്ലിങ്ങളെ മാത്രമാണ് ഡല്‍ഹിയില്‍ സംഘ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നതിന് ഒരു തെളിവു കൂടി. തീ വെച്ച് നശിപ്പിച്ചതിന്റെ കൂട്ടത്തില്‍ ബി.ജെ.പി ന്യൂനപക്ഷ പ്രസിഡന്റ് അക്തര്‍ റാസയുടെ വീടും.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭാഗീരഥി വിഹാര്‍ നല്ലാ റോഡിലാണ് അക്തര്‍ റാസയുടെ വീട്. ജയ് ശ്രീറാം വിളികളോടെ എത്തിയാണ് സംഘം വീടിന് തിവെച്ചതെന്ന് റാസ പറയുന്നു.
'ഏതാണ് ഏഴുമണി ആയിക്കാണും. ജയ് ശ്രീറാം വിളികളോട ഒരു സംഘം വന്നു. ആദ്യം അവര്‍ വീടിനു നേരെ കല്ലെറിഞ്ഞു. ഞാന്‍ പൊലിസിനെ വിളിച്ചു. എന്നാല്‍ പൊലിസ് വന്നില്ല. ഞങ്ങളോട് അവിടെ നിന്ന് രക്ഷപ്പെടാനാണ് പൊലിസ് പറഞ്ഞത്. ഞങ്ങള്‍ ഒരു വിധത്തില്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. വീട് പൂര്‍ണമായും നശിച്ചു'- റാസ പറഞ്ഞു.
അക്തര്‍ റാസയോടൊപ്പം കുടുംബവും കസിന് സുള്‍ഫിക്കറും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഈ ലെയിനിലെ 19 മുസ് ലിം വീടുകളും കണ്ടെത്തി കലാപകാരികള്‍ കത്തിച്ചതായി അക്തര്‍ റാസ പറയുന്നു. അക്രമം നടത്തിയത് പുറത്തുനിന്നുള്ളവരാണെങ്കിലവും ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് അക്രമികള്‍ക്ക് മുസ് ലിങ്ങളുടെ വീടുകള്‍ കാണിച്ചു കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍പോലും തന്നെ വിളിക്കുകയോ തനിക്ക് എന്തെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ലെന്ന് റാസ പരിതപിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയില്‍ സജീവമാണ് അക്തര്‍ റാസ.
അക്തര്‍ റാസയുടെ വീടിന് മുന്നില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുസ്തഫാബാദിന് സമീപമാണ് ഭാഗീരഥി വിഹാര്‍. വലിയ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍ എന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 12 മണി വരെയൊക്കെ ഓട്ടോ ഓടിക്കാറുള്ള ഡ്രൈവര്‍മാര്‍ വൈകീട്ട് ആറ് മണിക്ക് തന്നെ പണി നിര്‍ത്തി വീട്ടില്‍ പോവുകയാണ്. പ്രദേശത്ത് നാല് മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."