മുന്‍ ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി വിവാദമാവുന്നു
ന്യൂഡല്‍ഹി: സ്വകാര്യ കമ്പനിക്ക് വഴിവിട്ട് വായ്പ അനുവദിച്ചെന്ന ആരോപണത്തില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് മുന്‍ മേധാവി ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും എതിരേ കേസെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി വിവാദമാവുന്നു. ചന്ദ്ര കൊച്ചാറിനെതിരേ കേസെടുത്തതിനു തൊട്ടുപിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ സുധാന്‍ഷു ധര്‍മിശ്രയെയാണ് സ്ഥലംമാറ്റിയത്.
ബാങ്കിങ് മേഖലയിലെ തട്ടിപ്പുകേസുകള്‍ കൈകാര്യം ചെയ്തിരുന്ന ധര്‍മിശ്രയെ റാഞ്ചിയിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷണ സെല്ലിലേക്കാണ് മാറ്റിയത്. വഴിവിട്ട് വായ്പ അനുവദിച്ച കേസില്‍ ചന്ദകൊച്ചാറിനെതിരെ ഈ മാസം 22നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി സി.ബി.ഐ യൂനിറ്റിലെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ഫ്രോഡ് സെല്‍ എസ്.പിയാണ് സുധാന്‍ഷു.
ചന്ദ കൊച്ചര്‍, ഭര്‍ത്താവ് എന്നിവര്‍ക്ക് പുറമെ വിഡിയോകോണ്‍ ഗ്രൂപ്പ് എം.ഡി വേണുഗോപാല്‍ ധൂതിനെതിരേയും കേസെടുത്തിരുന്നു. ഇവര്‍ക്കെതിരായ എഫ്.ഐ.ആറില്‍ 22നാണ് സുധാന്‍ഷ്ഒപ്പിട്ടത്. എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സി.ബി.ഐ നടത്തിയ വ്യാപക പരിശോധനകളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് സ്ഥലംമാറ്റമെന്നും റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വിഡിയോകോണ്‍ ഓഫിസുകള്‍ ഉള്‍പ്പെടെ നാലിടങ്ങളിലാണ് പരിശോധന നടന്നത്. കൂടാതെ ദീപക് കൊച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ് ഓഫിസിലും മുംബൈയിലെ നരിമാന്‍ പോയിന്റില്‍ പ്രവര്‍ത്തിക്കുന്ന സുപ്രിം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ആസ്ഥാനത്തും പരിശോധന നടന്നു. പരിശോധനകളില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് സി.ബി.ഐയുടെ പരിശോധനകള്‍ ചോര്‍ന്നതായി സംശയമുയര്‍ന്നത്.
സുധാന്‍ഷുവിനെ സ്ഥലംമാറ്റിയതിന് പിന്നാലെ സി.ബി.ഐയിലെ എസ്.പി മോഹിത് ഗുപ്തയുടെ നേതൃത്വത്തില്‍ വീണ്ടും വിഡിയോകോണ്‍ ആസ്ഥാനത്തുള്‍പ്പെടെ പരിശോധനകള്‍ നടന്നു. ദീപക് കൊച്ചാറിന്റെ കമ്പനിയില്‍ വിഡിയോകോണ്‍ ഉടമ വേണുഗോപാല്‍ ധൂത് നിക്ഷേപം നടത്തിയത് കമ്പനിക്ക് ബാങ്ക് 3,250 കോടി രൂപ വായ്പ നല്‍കിയതിന്റെ പ്രത്യുപകാരമായാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആ വായ്പയാകട്ടെ കിട്ടാക്കടമായി അവശേഷിക്കുകയുമുണ്ടായി. ഈ ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡുകള്‍. ഇതിനെ തുടന്നാണ് ചന്ദ കൊച്ചാര്‍ കഴിഞ്ഞ ഒക്‌ടോബറില്‍ പദവി ഒഴിഞ്ഞത്.ചന്ദകൊച്ചാറിനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തിയതും വിവാദമായിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടിയാണ് കൂടുതല്‍ വിമര്‍ശനത്തിനിടയാക്കിയത്. സ്ഥലംമാറ്റനടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയുമായി അടുപ്പമുള്ളവര്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികാരനടപടി സ്വീകരിക്കുന്ന കേന്ദ്രത്തിന്റെ രീതിയാണ് ഈ വിഷയത്തിലും ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് പി .ചിദംബരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."