നിര്‍ഭയ കേസില്‍ മരണവാറന്റിന് സ്റ്റേ: നാളെയുമില്ല വധശിക്ഷ, ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് വിചാരണക്കോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ ചൊവ്വാഴ്ച പ്രതികളെ തൂക്കിക്കൊല്ലുന്നതിനുള്ള മരണവാറന്റ് വിചാരണ കോടതി സ്റ്റേ ചെയ്തതോടെ വധശിക്ഷ നാളെയുമില്ല. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് വിചാരണക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പവന്‍ ഗുപ്തയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. നാളെ രാവിലെ ആറിന് വധശിക്ഷ നടപ്പാക്കാനിരിക്കെ ഇന്നുച്ചയ്ക്കാണ് പവന്‍ ഗുപ്ത ദയാഹരജി സമര്‍പ്പിച്ചത്. ഇതുചൂണ്ടിക്കാട്ടി മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.
മരണ വാറണ്ടിനു സ്റ്റേ ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹരജി ഉച്ചയ്ക്കു മുമ്പായി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ പവന്‍ ഗുപ്ത ദയാഹരജി നല്‍കിയതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നു രണ്ടു മണിക്കു വീണ്ടും വാദം കേള്‍ക്കുകയായിരുന്നു.
ദയാഹരജി പരിഗണനയില്‍ ഇരിക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയില്‍ ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അഭിഭാഷകന്‍ചൂണ്ടിക്കാട്ടി. എന്നാല്‍ ശിക്ഷിക്കപ്പെട്ടവര്‍ ഒളിച്ചുകളി നടത്തുകയാണെന്നായിരുന്നു പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദിന്റെ വാദം. ഇതിനെ ശക്തമായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി നിശ്ചയിച്ച സമയപരിധിക്കു ശേഷമാണ് ഹരജി നല്‍കിയിരിക്കുന്നതെന്ന് പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ പറഞ്ഞു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരാള്‍ക്ക് ഹൈക്കോടതി ഉത്തരവ് ലംഘിക്കാമായിരിക്കും, എന്നാല്‍ കോടതിക്ക് അതിനാവില്ല. അതുകൊണ്ടുതന്നെ ഇതില്‍ ഇടപെടാന്‍ കാരണമില്ലെന്നാണ് കരുതുന്നതെന്ന് ജഡ്ജി വ്യക്തമാക്കി. ഏഴു ദിവസത്തിനകം ഹര്‍ജി നല്‍കണമെന്ന ഉത്തരവ് പാലിക്കാതിരുന്നത് എന്തുകൊണ്ടാണ്? അവസാന നിമിഷം ഹര്‍ജിയുമായി വന്നാല്‍ ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടെന്നു മനസിലാക്കണമായിരുന്നെന്ന് കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."