റെയ്ഡ് നിയമപരം; ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാര്‍ശയില്ല
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെതിരെ പൊലിസ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എ.ഡി.ജി.പി മനോജ് എബ്രഹാം ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഡി.ജി.പിയ്ക്ക് കൈമാറി.
ചൈത്ര തെരേസ ജോണിനെതിരെ പ്രതികൂലമായ പരാമര്‍ശങ്ങളൊന്നുംതന്നെ റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന. റെയ്ഡില്‍ നിയമപരമായി തെറ്റില്ല. അതേസമയം, ചൈത്ര കുറച്ചുകൂടി ജാഗ്രത കാണിക്കാമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ചൈത്ര സി.പി.എം ഓഫീസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. ഏതാണ്ട് പത്ത് മിനിറ്റോളം മാത്രമാണ് ഡി.സി.പിയും സംഘവും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചിലവിട്ടതെന്ന് എ.ഡി.ജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയതിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്. ആദ്യം കമ്മീഷണറെ അന്വേഷണം ഏല്‍പ്പിക്കാനാണ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥന് തന്നെ അന്വേഷണം നടത്തണമെന്ന നിര്‍ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി മനോജ് ഏബ്രാഹാമിന് അന്വേഷണ ചുമതല നല്‍കിയത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനു കല്ലെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ടയായിരുന്നു ഡി.സി.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ആരെയും റെയ്ഡില്‍ പിടികൂടാന്‍ സാധിച്ചില്ല.
തുടര്‍ന്ന് സി.പി.എം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിച്ചു. ഇതോടെ ചൈത്രയെ ഡി.സി.പിയുടെ ചുമതലയില്നിന്ന്് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. വനിതാ സെല്‍ എസ്.പിയുടെ ചുമതലയിലേക്ക് തിരികെ നിയമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."