ശഹാനിയ ലേബര്‍ ക്യാംപില്‍ തീപിടിത്തം
ദോഹ: ശഹാനിയ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് വിലപ്പെട്ട വസ്തുക്കളും രേഖകളും നഷ്ടമായി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുണ്ടായ തീപിടിത്തത്തില്‍ തലനാരിഴയ്ക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. 320 ഫിലിപ്പൈന്‍സടക്കം അഞ്ഞൂറിലധികം തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. സംഭവം തൊഴിലാളികളുടെ പാര്‍പ്പിട സമുച്ചയത്തിലെ രണ്ട്, മൂന്ന് നിലകളെ സാരമായി ബാധിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സിന്റെ തക്ക സമയത്തുള്ള ഇടപെടലാണ് കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഒഴിവാക്കിയത്.
തീപിടിത്തത്തെ തുടര്‍ന്ന് തൊഴിലാളികളെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി പേര്‍ക്ക് പാസ്‌പോര്‍ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു മുഴുവന്‍ നിത്യോപയോഗ സാധനങ്ങളും നഷ്ടപ്പെട്ടു. ക്ലീനര്‍മാരും ടീ ബോയ്‌സുമാണ് ക്യാംപില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവുമെന്ന് ഫിലിപ്പൈന്‍ ലേബര്‍ അറ്റാഷെ ഡേവിഡ് ഡെസ് ഡിസാങ് പറഞ്ഞു. ഫിലിപ്പൈന്‍ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട പൗരന്മാര്‍ക്ക് സഹായവും ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും നല്‍കുകയും ചെയ്തു. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തില്‍ നിന്ന് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."