മരണം മുന്നില്‍ക്കണ്ട് 15 മണിക്കൂര്‍; രക്ഷകരായത് വിറക് ശേഖരിക്കാനെത്തിയ കുട്ടികള്‍
തൊടുപുഴ: കൊക്കയിലേക്ക് മറിഞ്ഞ കാറില്‍നിന്ന് തെറിച്ചുവീണ ഡ്രൈവര്‍ മരണം മുന്നില്‍ക്കണ്ട് വനത്തില്‍ കഴിഞ്ഞത് 15 മണിക്കൂര്‍. ഞായറാഴ്ച രാത്രി പത്തിന് നടന്ന അപകടം പുറംലോകമറിഞ്ഞത് ഇന്നലെ രാവിലെ 11 മണിക്ക്. തൊടുപുഴ മടക്കത്താനം സ്വദേശി ഗിരീഷ് നീലകണ്ഠനാണ് (38) നരകയാതന അനുഭവിച്ച് 100 അടിയില്‍ അധികമുള്ള താഴ്ചയില്‍ കഴിയേണ്ടിവന്നത്. മൂന്നാര്‍ ലോക്കാര്‍ട് ഗ്യാപിലാണ് സംഭവം.
രാവിലെ വനത്തിനുള്ളില്‍ വിറക് ശേഖരിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്. ഉടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മൂന്നാറില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഗിരീഷിനെ പുറത്തെത്തിച്ച് മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഗിരീഷിന്റെ കൈകാലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ നെഞ്ചിനും ക്ഷതമേറ്റിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല.
അമിത വേഗതയാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."