ലോകത്തെ വിഴുങ്ങുന്ന കൊവിഡ് 19
ചൈന 'പിശാചി'ന്റെ പിടിയിലാണെന്ന് കൊവിഡ് 19നെ പരാമര്‍ശിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത് അച്ചട്ടായിരിക്കുകയാണ്. ഇപ്പോള്‍ പിശാചിന്റെ കൈകള്‍ ലോക രാഷ്ട്രങ്ങളിലേയ്ക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് കൊവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഫലപ്രദമായ പ്രതിരോധ മരുന്നോ, രോഗം വന്നാല്‍ ചികിത്സിക്കാന്‍ പറ്റുന്ന മരുന്നോ കണ്ടുപിടിക്കാനാകാതെ ആരോഗ്യ രംഗവും പകച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഡല്‍ഹിയിലും തെലുങ്കാനയിലും ജയ്പൂരിലുമായി മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ രോഗബാധിതരായിരുന്ന മൂന്നു പേരും ഇതിനകം സുഖം പ്രാപിച്ചു. ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് തുടങ്ങിയ ഈ മഹാമാരി അമേരിക്കയിലും ഏഷ്യയിലും യൂറോപിലും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിലൊക്കെയും മരിച്ചവര്‍ രോഗം സ്ഥിരീകരിച്ചവരാണെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ലോകാരോഗ്യ സംഘടനയും പകച്ചുനില്‍ക്കുന്നു. നിയമപരമായ അധികാരമില്ലാത്ത സംഘടനയാണ് ഡബ്ല്യു.എച്ച്.ഒ. അതിനാല്‍ തന്നെ, ക്രിയാത്മകമായി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനും കഴിയുന്നില്ല.
ലോകത്താകമാനം ഈ രോഗം പടരുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. വൈറസിന്റെ വ്യാപനത്തെ തടയുന്നതില്‍ അമേരിക്കയും ചൈനയും യൂറോപ്പും പരാജയപ്പെട്ടിരിക്കുകയാണ്. ചൈനയില്‍ മരണസംഖ്യ കുറയുന്നുണ്ടെങ്കിലും മറ്റിടങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
അമേരിക്കയിലെ സിയാറ്റിലില്‍ മരിച്ചവരെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടിട്ടുണ്ട്. സിയാറ്റിലെ ജനസംഖ്യ ഏഴു ലക്ഷമാണ്. പൊതുഇടങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് ഇവിടത്തെ ആളുകള്‍. അതിനാല്‍ രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്. യു.എസില്‍ അറുപതോളം പേര്‍ രോഗ ബാധിതരാണ്. ജപ്പാനില്‍ പിടിച്ചിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസിലെ യാത്രക്കാരായിരുന്നു ഇവര്‍. വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വാഷിങ് ടണിന് പുറമെ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ഇപ്പോള്‍ 60 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുവ്വായിരത്തിലധികം പേര്‍ മരണപ്പെട്ടു. 90,000 പേര്‍ രോഗബാധിതരാണ്. യൂറോപ്പിലും അതിവേഗത്തിലാണ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. യൂറോപ്പിനെ കൊവിഡ് 19 കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. ജര്‍മനിയിലും ഫ്രാന്‍സിലും ഓസ്ട്രിയയിലും സ്വിറ്റ്‌സര്‍ലണ്ടിലും ക്രൊയേഷ്യയിലും രോഗം പടര്‍ന്നുകഴിഞ്ഞു. അതിര്‍ത്തികള്‍ അടച്ചിട്ടത് കൊണ്ടോ, രോഗികളെ ഏകാന്ത തടവിലിട്ടത് കൊണ്ടോ രോഗവ്യാപനം തടയാനാകുന്നില്ല. നോക്കിനില്‍ക്കേ ആളുകള്‍ വഴിയരികില്‍ മരിച്ചുവീഴുന്ന കാഴ്ച ഭയാനകമാണ്.
ഒറ്റ ദിവസം ഇറ്റലിയില്‍ പുതുതായി രോഗം കണ്ടെത്തിയത് അഞ്ഞൂറ് പേര്‍ക്കാണ്. ഇതോടെ മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുകയാണ്. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലും രോഗം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
സഊദി അറേബ്യ സന്ദര്‍ശന വിസയും ഉംറ വിസയും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാനില്‍ മത്സ്യ ബന്ധനത്തിന് പോയ 23 മത്സ്യത്തൊഴിലാളികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ അവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. അവര്‍ക്ക് ഭക്ഷണം എത്തിച്ചു കൊടുത്തിട്ടുണ്ടെന്നാണ് ഇന്ത്യന്‍ എംബസി ഇപ്പോള്‍ പറയുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് നോര്‍ക്ക.
ദക്ഷിണ കൊറിയക്ക് പിന്നാലെയാണ് ഇറാനില്‍ രോഗം പ്രത്യക്ഷപ്പെട്ടത്. വൈറസിനെതിരേ ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയിലെ ഏറ്റവും വലിയ മരുന്നു കമ്പനികളുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ബ്രിട്ടനില്‍ കൊവിഡ് 19 പടരുന്നതിനെതിരേ വിപുലമായ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ചെറുപ്പക്കാര്‍ ഹെല്‍ത്ത് വളണ്ടിയേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. രോഗ സംശയമുള്ളവരെ വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ് ചെയ്ത് തടവിലാക്കി പരിശോധിക്കാനുള്ള അധികാരം ഇമിഗ്രേഷന്‍ പൊലിസിന് നല്‍കിയിരിക്കുകയാണ്. സ്‌കൂളുകളും ഓഫിസുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നു. ബില്യണ്‍ കണക്കിന് പൗണ്ടാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ മഹാമാരിയെ പ്രതിരോധിക്കുവാന്‍ നീക്കിവച്ചിരിക്കുന്നത്.
കൊവിഡ് കാരണം ലോക സാമ്പത്തിക നിലയും തകര്‍ച്ചയുടെ വക്കിലാണ്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ കടത്തിവെട്ടും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യമെന്ന് വിദഗ്ധര്‍ പറയുന്നു. ഓഹരി വിപണി കൂപ്പുകുത്തി. ടൂറിസം മേഖല സ്തംഭിച്ചു. കമ്പനികളും ഫാക്ടറികളും പ്രവര്‍ത്തിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളില്‍ ബിസിനസ് നടക്കുന്നില്ല. ലോകത്തെ ഏറ്റവും വലിയ ടൂറിസം മേളയായ ഐ.ടി.ബി ബെര്‍ലിന്‍ ജര്‍മനി റദ്ദാക്കി. ഓഹരി വിപണിയുടെ ഇടിവിലൂടെ 36,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി മുകേഷ് അംബാനി പറയുന്നു.
തൊഴിലില്ലായ്മ കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇന്ത്യക്ക് കിട്ടിയ ഇരട്ട പ്രഹരമാണ് കൊവിഡ് 19 കൊണ്ടുണ്ടായ സാമ്പത്തിക മാന്ദ്യം. ലോക ജനസംഖ്യയുടെ പകുതിയ്ക്കും വന്‍ ഭീഷണിയാകും ഈ കൊലയാളി വൈറസ് എന്ന ഭീതിപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രോഗത്തിനെതിരേ സദാസമയവും ജാഗരൂകരാവുക എന്നത് മാത്രമാണ് ഇപ്പോള്‍ മുന്‍പിലുള്ള ഏക പോംവഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."