മെഡിക്കല്‍ കോളജ് കാംപസിലെ ക്രമസമാധാന ലംഘനങ്ങള്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ആമ്പുലന്‍സുകളുടെ മറവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളപ്പില്‍ നടക്കുന്ന ഗുരുതരമായ ക്രമസമാധാന ലംഘനങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും തടയാന്‍ പര്യാപ്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് മെഡിക്കല്‍ കോളേജ് വികസന സമിതി ചെയര്‍മാനായ ജില്ലാകളക്ടര്‍ അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
അപര്യാപ്തമായ സുരക്ഷാ സംവിധാനങ്ങള്‍ കാരണമാണ് അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും ഒരു കാരണവശാലും ഇതനുവദിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സാധാരണ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഓട്ടോ, ടാക്‌സി, ആമ്പുലന്‍സ് ഡ്രൈവര്‍മാരെ നിയന്ത്രിക്കാന്‍ പ്രീപെയ്ഡ് കൗണ്ടറുകളോ മറ്റേതെങ്കിലും സംവിധാനമോ അടിയന്തിരമായി നടപ്പിലാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ക്രിമിനല്‍ സ്വഭാവമുള്ള ഡ്രൈവര്‍മാരെ ആമ്പുലന്‍സ് ഡ്രൈവര്‍മാരായി നിയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
ആമ്പുലന്‍സുകള്‍ കാലാകാലങ്ങളില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണം. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഒരു ആമ്പുലന്‍സ് ഉടമ നല്‍കിയ പരാതിയിലാണ് നടപടി. 2018 ജനുവരി 7 ന് രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുമായി എത്തിയ തന്റെ ഉടമസ്ഥതയിലുള്ള ആമ്പുലന്‍സിന്റെ ഡ്രൈവറെ മെഡിക്കല്‍ കോളജില്‍ സര്‍വീസ് നടത്തുന്ന ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. പരാതി നല്‍കിയപ്പോള്‍ പൊലിസ് കള്ളക്കേസ് എടുത്തതായും പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ കഴക്കൂട്ടം അസിസ്റ്റന്റ് പോലീസ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. മെഡിക്കല്‍ കൊളജ് കാമ്പസിലെ രണ്ട് ആമ്പുലന്‍സ് ഡ്രൈവര്‍മാരെ മര്‍ദ്ദിച്ച് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പരാതിക്കാരനെതിരെ കേസെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കമ്മീഷനിലെ അന്വേഷണ വിഭാഗം അന്വേഷം നടത്തി. കാമ്പസില്‍ അതീവഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മീഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ.ടി. അനീഷ്‌ലാലിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാമ്പസില്‍ സുരക്ഷാ കുറവുണ്ടെന്നും ക്രിമിനലുകളുടെ സ്ഥിരം സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ പരാതിക്കാരന്‍ നടത്തുന്ന ആമ്പുലന്‍സ് സര്‍വീസിന്റെ ലക്ഷ്യം കച്ചവടമാണെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ആമ്പുലന്‍സ് സര്‍വീസിന്റെ മറവില്‍ ഗുരുതര കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. ആമ്പുലന്‍സ് ബിസിനസിന് തടസ്സം നില്‍ക്കുന്നവരെ ശാരീരികമായി ഉപദ്രവിക്കും.
ഒരേ നമ്പരില്‍ ഓടുന്ന ഒന്നില്‍ കൂടുതല്‍ ആമ്പുലന്‍സുകള്‍ ഇയാളുടേതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പല വാഹനങ്ങള്‍ക്കും വ്യാജ രജിസ്‌ട്രേഷനാണുള്ളത്. ആമ്പുലന്‍സുകള്‍ അപകടത്തില്‍ നശിച്ചതായി കാണിച്ച് ഇന്‍ഷ്വറന്‍സ് തട്ടിയെടുക്കും. ആമ്പുലന്‍സുകള്‍ കുഴല്‍പണം കടത്തിന് ഉപയോഗിക്കാറുണ്ട്. മൃതദേഹങ്ങളെ മുന്‍നിര്‍ത്തി വണ്ടിക്കൂലിക്ക് വിലപേശും. വണ്ടിക്കൂലിക്ക് ഈടായി ആധാര്‍കാര്‍ഡും മൊബൈല്‍ഫോണും സ്വര്‍ണവും റേഷന്‍കാര്‍ഡും വാങ്ങും. രാജ്യാന്തര പെരുമയുള്ള മെഡിക്കല്‍ കോളജ് കാമ്പസ് ക്രിമിനലുകളുടെ താവളമാകുന്നത് അതീവ ഗൗരവമാണെന്ന് ഉത്തരവില്‍ പറയുന്നു. ഇവിടം ലഹരിമരുന്ന് കച്ചവടക്കാരും മദ്യപാനികളും ക്രിമിനലുകളും താവളമാക്കുന്നത് അനുവദിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. രോഗികളെയും കൂട്ടിരിപ്പുകാരെയും ചൂഷണങ്ങള്‍ക്ക് ഇരയാക്കുന്ന മാഫിയ സംഘങ്ങള്‍ ഇവിടെ സജീവമാണ്. പാര്‍ക്കിംഗ് ഏരിയയില്‍ മദ്യപാനവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ പോലീസുകാരാണ് എയ്ഡ് പോസ്റ്റിലുള്ളതെന്നും കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."