വീട്ടമ്മമാര്‍ ഒരുക്കിയ ഭക്ഷ്യ മേള ശ്രദ്ധേയമായി
മാള: പഴമയുടെ പുതുമയുമായി കണ്ടും കേട്ടും അറിഞ്ഞ നാടന്‍ പലഹാരങ്ങളുമായി തെക്കന്‍ താണിശ്ശേരിയിലെ ഒരു കൂട്ടം അമ്മമാര്‍ ഒരുക്കിയ ഭക്ഷ്യ മേള വേറിട്ടതായി.വ തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് എല്‍.പി. സ്‌കൂളിലായിരുന്നു ഏറെ കൗതുകത്തോടെയുള്ള പ്രദര്‍ശനം. എണ്ണ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള പരമ്പരാഗത വിഭവങ്ങളാണ് മുപ്പതോളം അമ്മമാര്‍ ചേര്‍ന്ന് ഒരുക്കിയത്.
സ്‌കൂളിലെ സംസ്‌കൃതി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ മുന്നൂറോളം നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ അമ്മമാര്‍ ഒരുക്കി. 20 മുതല്‍ 30 വരെ ഇനങ്ങള്‍ ഒരുക്കിയ അമ്മമാരുടെ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമായി. വിവിധ ഇനം പുട്ടുകള്‍, ദോശകള്‍, ഇഡലി, അട, പിടി, അപ്പം, ഉപ്പുമാവുകള്‍, ഔഷധ ഇലകള്‍ ചേര്‍ത്തുള്ള പലഹാരങ്ങള്‍, പഴങ്ങളും കിഴങ്ങ് വര്‍ഗങ്ങളും ചേര്‍ത്തുള്ള വിഭവങ്ങള്‍ തുടങ്ങിയ പുതുതലമുറ കേട്ട് മാത്രം പരിചയമുള്ള നിരവധി ഇനങ്ങളാണ് അമ്മമാര്‍ ഒരുക്കിയത്. ചക്ക കൊണ്ടുള്ള ഹല്‍വ അടക്കമുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു. കറുക ഇല, ചേമ്പില, പ്ലാവില, വാഴയില തുടങ്ങിയവയില്‍ പൊതിഞ്ഞ വിവിധ പലഹാരങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
പാചകത്തിനായി ഉപയോഗിച്ച വസ്തുക്കളുടെ വിവരങ്ങളും അളവും പാചക രീതിയും പ്രദര്‍ശനത്തില്‍ കൗതുകമായി. പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിയത്. വിദ്യാലയത്തില്‍ ചിത്ര പ്രദര്‍ശനവും ഒരുക്കിയിരുന്നു. കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്റ്റര്‍ കെ.പി.വിത്സണ്‍, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബു, കുഴൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സില്‍വി സേവ്യര്‍, ഉഷ സദാനന്ദന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."