ഹരിത നിയമാവലി കാംപയിന്‍: രണ്ടാംഘട്ടത്തിന് തുടക്കം
കോഴിക്കോട്: 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം' പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഹരിത നിയമാവലി കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹരിത കേരളം ജില്ലാ മിഷന്‍ ചെയര്‍മാനുമായ ബാബു പറശ്ശേരി നിര്‍വഹിച്ചു. ഹരിത നിയമാവലിക്ക് വിധേയമായി നടപടികള്‍ സ്വീകരിച്ചെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ജില്ലയിലെ മുഴുവന്‍ കോഴിക്കടകളിലെ മാലിന്യവും സംസ്‌കരിക്കാന്‍ ആവശ്യമായ നടപടികള്‍ എടുത്തുകഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ കോഴിക്കടകളിലും ഫ്രീസര്‍ സ്ഥാപിക്കാനും ജില്ലാ അടിസ്ഥാനത്തില്‍ നിയോഗിച്ച ഏജന്‍സിക്ക് മാത്രമെ മാലിന്യങ്ങള്‍ കൈമാറാന്‍ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു കിലോ കോഴി മാലിന്യത്തിന് ഏഴ് രൂപ മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്‍പേഴ്‌സനുമായ എം.ആര്‍ അനിത ഹരിത നിയമാവലി കൈപുസ്തക പ്രകാശനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. പ്രകാശ് കൈപുസ്തം പരിചയപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നിയമനടപടി സ്വീകരിച്ച വടകര നഗരസഭ സെക്രട്ടറി കെ.യു ബിനി അനുഭവം പങ്കുവച്ചു. രാമനാട്ടുകര നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി സുരേഷ് ബാബു പ്രതികരണം രേഖപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലീഗല്‍ സര്‍വിസസ് അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, ജനമൈത്രി പൊലിസ്, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവ ഏകോപിപ്പിച്ചുകൊണ്ടാണ് കാംപയിന്‍ നടത്തുന്നത്.
കാംപയിനിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും ചുരുങ്ങിയത് 100 പേര്‍ക്ക് പരിശീലനം നല്‍കും.
രാമനാട്ടുകര വികാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡിഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്.എന്‍ രവികുമാര്‍, ഫുഡ് സേഫ്റ്റി അസി. കമ്മിഷണര്‍ പി.കെ ഏലിയാമ്മ, പഞ്ചായത്ത് അസി. ഡയരക്ടര്‍ പി.വി അബ്ദുല്‍ ലത്തീഫ്, നഗരകാര്യ വകുപ്പ് റജ്യനല്‍ ജോയിന്റ് ഡയരക്ടര്‍ ഇന്‍ ചാര്‍ജ് കെ. പവിത്രന്‍ സംസാരിച്ചു. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. കബനി സ്വാഗതവും രാമനാട്ടുകര നഗരസഭാ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."