വേനല്‍ കനത്തതോടെ കാര്‍ഷിക വിളകള്‍ ഉണക്കു ഭീഷണിയില്‍
കോട്ടായി: വേനല്‍ കടുക്കുകയും ചൂട് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുന്നു. ജില്ലയിലെ പ്രധാന ഹൃസ്വകാല വിളയായ വാഴയെയാണ് വേനല്‍ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കിളിര്‍ത്തതും പാതി വളര്‍ച്ചയെത്തിയതുമായ വാഴകള്‍ പലതും ഉണങ്ങി തുടങ്ങി.
ഉണക്കിനെ അതിജീവിക്കാന്‍ കഴിവു കുറവുള്ളതും എന്നാല്‍ ജില്ലയില്‍ കൂടുതല്‍ കൃഷി ചെയ്തു വരുന്നതുമായ ഏത്തവാഴയെയാണ് വരള്‍ച്ച കൂടുതലായി ബാധിച്ചിരിക്കുന്നത്. ഏത്തവാഴക്കു പുറമെ കപ്പ, ചേന, ചേമ്പ്, ചീര, പയര്‍, മരച്ചീനി എന്നിവയെല്ലാം ഉണക്ക് ഭീഷണിയിലാണ്. കഴിഞ്ഞ ഇടവപ്പാതിയും തുലാവര്‍ഷവും ഒരു പോലെ ചതിച്ചതോടെ ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴുകയും ജലക്ഷാമം രൂക്ഷമാകുകയുമായിരുന്നു.
തോടുകളും കുളങ്ങളുമെല്ലാം വറ്റി പാടങ്ങള്‍ പലതും ഉണങ്ങി വിണ്ടുകീറി. വാഴയും പച്ചക്കറികളും കിഴങ്ങുവിളകളുമെല്ലാം കൃഷിചെയ്യുന്ന കര്‍ഷകര്‍ വെള്ളം നയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകളാണ് ഇങ്ങനെ വരള്‍ച്ചയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നത്.
ഈര്‍പ്പം നിലനിന്നിരുന്ന പാടങ്ങളില്‍ പലതിലും ഒരാള്‍ താഴചയില്‍ കുഴിയെടുത്താലും വെള്ളം കിട്ടാത്ത അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. വറ്റിവരണ്ട കുളങ്ങളുടെയും സ്ഥിതി സമാനം തന്നെ. പാടങ്ങളിലും തോടുകളിലും കുളങ്ങള്‍ കുത്തിയും കുളങ്ങളുടെ ആഴം വര്‍ദ്ധിപ്പിച്ചും കൃഷിക്കും മറ്റും ജലസേചനത്തിന് വെള്ളം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പാറമടകളില്‍ നിന്നും മറ്റും വെള്ളമെത്തിച്ചും കര്‍ഷകര്‍ കൃഷി നയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിനുവരുന്ന ചെലവും കൃഷിയില്‍ നിന്നുള്ള വരുമാനവുമായി പൊരുത്തപ്പെട്ട് പോകില്ലെന്നും ഈ വര്‍ഷം കൃഷിയിറക്കിയവര്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നെല്‍കൃഷി കരിഞ്ഞു തുടങ്ങിയതോടെ പാറമടകളില്‍ നിന്നുള്ള വെള്ളം പാടത്ത് എത്തിച്ച് പണം മുടക്കി വാഹനങ്ങളില്‍ വെള്ളമെത്തിച്ചും കൃഷിയെ സംരക്ഷിക്കുന്നവരുണ്ട്. ഏക്കര്‍ കണക്കിന് വാഴക്കൃഷി നടത്തിയിട്ടുള്ള കര്‍ഷകരും ദുരിതത്തിലാണ്. കുലകള്‍ ഉണങ്ങി നശിക്കുന്നു. കൃഷിക്ക് നാശം ഉണ്ടായാല്‍ മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.
കൃഷിഭവനുകള്‍ കയറിയിറങ്ങിയാല്‍ കിട്ടുന്നത് തുച്ഛമായ തുകയാണെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൃഷിക്കായി വെള്ളം എത്തിക്കാന്‍ കര്‍ഷകര്‍ തന്നെ രംഗത്ത് ഇറങ്ങേണ്ട അവസ്ഥയാണ്. വന്‍തുക ചിലവഴിച്ചാണ് കര്‍ഷകര്‍ വാഴക്കൃഷി തുടങ്ങിയത്.
നിര്‍ധനരായ കര്‍ഷകര്‍ക്കൊപ്പം പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശത്ത് നിന്നും മടങ്ങിയെത്തിയവരുമുള്‍പ്പെടെ നിരവധിയാളുകളാണ് ഇക്കുറി സ്വന്തം പാടത്ത് കൃഷിയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."