കൊറോണ ഭീതിക്കിടെ ബഹ്‌റൈനില്‍ നിന്നും ആശ്വാസവാര്‍ത്ത, ഒരാള്‍ രോഗവിമുക്തനായെന്ന് ആരോഗ്യമന്ത്രാലയം
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വ്യാപിക്കുന്ന കോവിഡ് 19 ഭീതിക്കിടെ ബഹ്‌റൈനില്‍ നിന്നും ഒരാശ്വാസ വാര്‍ത്ത. ഒരാഴ്ച മുന്പ് രാജ്യത്ത് കൊറോണ ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ബഹ്‌റൈനി പൗരന്‍ രോഗവിമുക്തനായതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊറോണ പടരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മുന്‌പെ ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിയ വ്യക്തിയാണ് ഇയാള്‍. അതേ സമയം രോഗവിമുക്തിനേടിയ വ്യക്തിയുടെ പേരുവിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ ഇറാനില്‍ നിന്നും ബഹ്‌റൈനില്‍ എത്തിയ 3പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി അധികൃതരെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബഹ്‌റൈനിലെ കൊറോണ ബാധിതരുടെ എണ്ണം 52ആയി. ഇതില്‍ നിന്നും ഒരാള്‍ രോഗ വിമുക്തിനേടിയതോടെ നിലവിലുള്ള വൈറസ് ബാധിതരുടെ എണ്ണം 51 ആയി മാറിയിരിക്കുകയാണ്.
ഈ രോഗികളില്‍ 47 പേരും ബഹ്‌റൈനില്‍ എത്തുന്ന സമയത്ത് വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ രോഗം സ്ഥിരീകരിച്ചവരാണ്. മറ്റുള്ളവര്‍ 14 ദിവസത്തെ നിരീക്ഷണത്തിനിടക്ക് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയവരുമാണ്.രാജ്യത്ത് ഇതുവരെ 4452 ലേറെ പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാവശ്യമായ നടപടികള്‍ രാജ്യത്ത് ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
ഇതിനിടെ ഇറാനില്‍ നിന്നും ബഹ്‌റൈനിലെത്തിയ എല്ലാവരെയും അധികൃതര്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി വരികയാണ്.
ഇതിനായി ആരോഗ്യമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ മൊബൈല്‍ പരിശോധനാ യൂണിറ്റുകളും രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരിയില്‍ ഇറാനില്‍ നിന്നെത്തിയ എല്ലാവരും പരിശോധനക്ക് തയ്യാറാവണമെന്നും സൗജന്യ പരിശോധനക്ക് www.moh.gov.bh/444 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 444 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ക്കായി പ്രത്യേക വെബ്‌സൈറ്റും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബി ഭാഷക്കു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."