ഡീസല്‍ വാഹന നിരോധനം; സ്റ്റേക്കെതിരേ അപ്പീലുമായി ലീഫ്
കൊച്ചി: 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍വാഹനങ്ങള്‍ കേരളത്തിലെ പ്രധാനഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ദേശീയ ഹരിതട്രൈബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ ലീഗല്‍ എന്‍വയോണ്‍മെന്റല്‍ അവേര്‍നസ് ഫോറം (ലീഫ്) ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2000 സി.സിക്കും അതിനു മുകളിലും ശേഷിയുള്ള പൊതുഗതാഗതത്തിന് ഉപയോഗിക്കുന്നവ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതു നിരോധിച്ച ട്രൈബ്യൂണലിന്റെ ഉത്തരവ് തടഞ്ഞ നടപടിയും അപ്പീലില്‍ ചോദ്യംചെയ്യുന്നുണ്ട്.
ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ക്കും സിവില്‍ കോടതികള്‍ക്കും കഴിയില്ലെന്ന് അപ്പീലില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേ നിലനില്‍ക്കുന്നതല്ല.
ഹരജിക്കാരുടെ വാദം പരിഗണിക്കാതെയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. വാഹനങ്ങളില്‍നിന്നുള്ള പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം സംസ്ഥാനത്തെ പൊതുസമൂഹം നേരിടുന്ന വലിയ വിപത്താണ്.
ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നം പരിഗണിക്കുമ്പോള്‍ സാമ്പത്തിക, കച്ചവട വിഷയങ്ങള്‍ക്ക് പ്രാധാന്യമില്ല. ട്രൈബ്യൂണല്‍ വിധി കമ്പനിയുടെ അവകാശത്തെ നിഷേധിക്കുന്നുവെന്ന ഹരജിക്കാരുടെ വാദം ശരിയല്ലെന്നും മലിനീകരണത്തിലൂടെ ജനങ്ങളെ കൊല്ലുന്നതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അപ്പീലില്‍ പറയുന്നു. കളമശേരിയിലെ നിപ്പോണ്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹരജിലാണ് സംസ്ഥാനത്ത് 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നത്.
കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീലിലായിരുന്നു പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ഉത്തരവിനു സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."