പരിശോധന ശക്തമാക്കി സിവില്‍ സപ്ലൈസ് വകുപ്പ് മഞ്ചേരിയില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്നു 48 അനര്‍ഹരെ ഒഴിവാക്കി
മഞ്ചേരി: ഏറനാട് താലൂക്കിലെ റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ കയറികൂടിയ അനര്‍ഹരെ കണ്ടത്താനുള്ള പരിശോധന സിവില്‍ സപ്ലൈ വിഭാഗം ശക്തമാക്കി. ഇന്നലെ മാത്രം അഞ്ചു കാര്‍ഡുടമകളെ അനര്‍ഹരാണെന്നു കണ്ടത്തി ഒഴിവാക്കി. ഇതോടെ ലിസ്റ്റില്‍ നിന്നു ഇതുവരെ ഒഴിവാക്കിയ കാര്‍ഡ് ഉടമകളുടെ എണ്ണം 48 ആയി.
നഗരസഭ പരിധിയിലെ മേലാക്കം, പാലക്കുളം, പയ്യനാട്, ചോലക്കല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറനാട് താലൂക്ക് സിവില്‍ സപ്ലൈ ഓഫിസര്‍ സി രാധാകൃഷ്ണന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ വി അബ്ദു, ആര്‍. രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. അതേസമയം, താലൂക്കു കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കു റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട ഇതര ജോലികളുടെ തിരക്കിലായതിനാല്‍ വേണ്ടവിധം പരിശോധനകള്‍ക്കുള്ള സമയം ലഭിക്കുന്നില്ല. തെറ്റായി വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ ലിസ്റ്റില്‍ കയറി കൂടിയവരെ സംബന്ധിച്ച വിശദമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ സിവില്‍ സപ്ലൈ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചുവരികയാണ്. ഏറനാട് താലൂക്കില്‍ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന ശക്തമാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കുന്നതും പുരോഗമിക്കുന്നുണ്ട്. നാളെ ഇതുസംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയുമായി ബന്ധപ്പെട്ട പരാതി പ്രവാഹം ഇപ്പോഴും തുടരുകയാണ്. ഏറനാട് താലൂക്കില്‍ ഇതുവരെയായി 1600 പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ താലൂക്കില്‍ എണ്ണൂറിലേറെ പരാതികളും തിരൂരില്‍ ആയിരത്തിനു മുകളില്‍ പരാതികളും ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."