മിന്നല്‍ പണിമുടക്കിന് 'മുട്ടന്‍പണി' ജീവനക്കാരുടെ ലൈസന്‍സ് കൂട്ടത്തോടെ റദ്ദാക്കാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തലസ്ഥാനത്ത് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കും. 50 ബസുകളിലെ ജീവനക്കാര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. ഇവരുടെ പട്ടിക പൊലിസ് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി. കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും കൂടുതല്‍ നടപടി. ഗതാഗതം തടസപ്പെടുത്തിയതിന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം പണിമുടക്കിനെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിക്ക് കൈമാറി. കെ.എസ്.ആര്‍.ടി.സിയുടെ നടപടിയെ അതിരൂക്ഷമായി തന്നെ വിമര്‍ശിച്ചിട്ടുള്ളതാണ് റിപ്പോര്‍ട്ട്. സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയ സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ആര്‍.ടി.സിയെ അവശ്യ സര്‍വീസിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പ്രാഥിക റിപ്പോര്‍ട്ടില്‍ കലക്ടര്‍ ശുപാര്‍ശ ചെയ്തു. പ്രകോപനം എന്തുതന്നെയായാലും വഴി തസപ്പെടുത്തിയ സമരം അംഗീകരിക്കാനാവില്ല. സമരക്കാര്‍ക്ക് എസ്മ നിര്‍ബന്ധിതമാക്കണമെന്നും കലക്ടര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍കൂടി പരിശോധിച്ച് രണ്ടു ദിവസത്തിനകം വിശദമായ റിപ്പോര്‍ട് സര്‍ക്കാറിന് നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
കലക്ടറുടെ റിപ്പോര്‍ട്ടിനൊപ്പം തന്നെ പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ടുമെല്ലാം കെ.എസ്.ആര്‍.ടി.സിക്കെതിരാണ്. സമരവുമായി ബന്ധപ്പെട്ട് പൊലിസ് ഭാഗത്തു വീഴ്ചയുണ്ടായില്ലെന്നാണ് സിറ്റി പൊലിസ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഒരു സ്വകാര്യബസിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലിസ് എത്തുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ഇടപെട്ടത്. പൊലിസുകാരെ കയ്യേറ്റം ചെയ്തതാണ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കാന്‍ കാരണം. കുഴഞ്ഞുവീണ യാത്രക്കാരനെ എട്ടുമിനിറ്റിനകം ആശുപത്രിയിലെത്തിച്ചുവെന്നും കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഗ്യാരേജില്‍ കിടന്ന ബസുകള്‍ വഴിയില്‍ കൊണ്ടിട്ടത് മനപൂര്‍വമാണെന്നും ആര്‍.ടി.ഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. റൂട്ട് തെറ്റിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരേയും നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, സമരത്തിന് ഒരു യൂനിയനും ആഹ്വാനം ചെയ്തിട്ടില്ലെന്നായിരുന്നു യൂനിയന്‍ നേതാക്കളുടെ മൊഴി. സ്വകാര്യ ബസ് തടഞ്ഞ എ.ടി.ഒ സാം ലോപ്പസിന്റെയും സ്വകാര്യ ബസ് ജീവനക്കാരുടെയും ദൃക്‌സാക്ഷികളുടെയും മൊഴികളും കലക്ടര്‍ രേഖപ്പെടുത്തി. അകാരണമായി അറസ്റ്റ് ചെയ്തുകൊണ്ട് പോകുകയായിരുന്നുവെന്ന് ബസ് തടയാന്‍ നേതൃത്വം നല്‍കിയ സാം ലോപ്പസിന്റെ മൊഴി. അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായി ജില്ലാ കലക്ടര്‍ കിഴക്കേക്കോട്ടയില്‍ തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."