സുരേന്ദ്രന്റെ മരണത്തിനിടയാക്കിയത് മിന്നല്‍ പണിമുടക്കെന്ന് ഭാര്യ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരമാണ് സുരേന്ദ്രന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഭാര്യ പ്രമീള. മരുന്നുവാങ്ങി ഉച്ചയ്ക്കു മുന്‍പേ വരാമെന്നു പറഞ്ഞിരുന്നു. എന്നാല്‍ സമരം കാരണം ആശുപത്രിയിലെത്തിക്കാനായില്ല. മൃതദേഹം കൊണ്ടുവരാന്‍ സ്വന്തം വീടു പോലുമില്ലെന്നും പ്രമീള മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിമാസം അയ്യായിരം രൂപയുടെ മരുന്ന് വേണമെന്നതിനാലാണ് കിലോമീറ്ററുകള്‍ പിന്നിട്ട് വിലക്കുറവുള്ള കട നോക്കി തിരുവനന്തപുരത്തെത്തിയത്. മരുന്നു വാങ്ങി മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും ബസ് കിട്ടാതെ വന്നതോടെ ഭക്ഷണവും മരുന്നുമെല്ലാം മുടങ്ങിയതായും അവര്‍ പറഞ്ഞു.
മരിച്ച സുരേന്ദ്രന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്റെ വീടു സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സുരേന്ദ്രന്റെ മരണത്തോടെ ആ കുടുംബം അനാഥമായി. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് മര്യാദകേടാണ്. സമരത്തിന്റെ പേരില്‍ കിഴക്കേക്കോട്ട പോലുള്ള സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങും വിലങ്ങും കൊണ്ടിട്ട് ആളുകളോട് യുദ്ധമാണ് ജീവനക്കാര്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു. സുരേന്ദ്രന് ആകെയുള്ളത് മൂന്ന് സെന്റ് ഭൂമിയാണ്. ഇതു പണയംവച്ചാണ് മകളുടെ വിവാഹം നടത്തിയത്. ആ വസ്തുതന്നെ മറ്റൊരു ബന്ധുവിന് കൊടുത്താണ് ഇദ്ദേഹത്തിന്റെ ചികിത്സകളും മറ്റും നടത്തിയിരുന്നത്.
ഇപ്പോഴിവര്‍ താമസിക്കുന്നത് മറ്റൊരു ബന്ധുവിന്റെ വീട്ടിലാണ്. ഈ സാഹചര്യത്തില്‍ ആ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഗതാഗതമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. അടുത്ത മന്ത്രിസഭാ യോഗത്തോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."