പൊലിസിലെ ക്രമവിരുദ്ധ തീരുമാനങ്ങളെല്ലാം നിയമാനുസൃതമാക്കി നല്‍കുന്നു: ചെന്നിത്തല
നടപടി ഡി.ജി.പിയെ രക്ഷിക്കാന്‍
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കേസില്‍ പ്രതിയാകാതിരിക്കാന്‍ ക്രമവിരുദ്ധമായെടുത്ത തീരുമാനങ്ങള്‍ ഈ സര്‍ക്കാര്‍ നിയമാനുസൃതമാക്കി നല്‍കുയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവും ചട്ടങ്ങളും കാറ്റില്‍പറത്തി പൊലിസ് വകുപ്പില്‍ നടക്കുന്ന അഴിമതി ജനങ്ങളെ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു കോടി രൂപയ്ക്കു മുകളിലുള്ള ഏതു വാങ്ങലിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നിരിക്കേ 26.40 കോടി രൂപ ചെലവഴിച്ച് 145 വാഹനങ്ങള്‍ ചട്ടം ലംഘിച്ച് ഡി.ജി.പി വാങ്ങി. ഇത് പിന്നീട് സര്‍ക്കാര്‍ നിയമാനുസൃതമാക്കി നല്‍കുകയായിരുന്നു. സ്റ്റോര്‍ പര്‍ച്ചേസ് മാന്വലും ടെന്‍ഡര്‍ നടപടിക്രമങ്ങളും അട്ടിമറിച്ച് ഒരു സ്വകാര്യ കമ്പനിയില്‍നിന്നും 14,94,431 രൂപയ്ക്ക് 30 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍ വാങ്ങിയ ഡി.ജി.പിയുടെ നടപടിയും സര്‍ക്കാര്‍ സാധൂകരിച്ചു നല്‍കിയതില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്.
ഭാവിയില്‍ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പാലിക്കണമെന്നു പറഞ്ഞാണ് ഡി.ജി.പിയുടെ ഈ തീരുമാനങ്ങളെല്ലാം സാധൂകരിച്ച് നല്‍കിയത്. പക്ഷേ പാലിക്കാന്‍ ഡി.ജി.പി ഇതുവരെ തയാറായിട്ടില്ലെന്നും പൊലിസ് വകുപ്പിലെ കൂടുതല്‍ അഴിമതികള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അഴിമതിക്കെതിരേ പറയുന്നവരെ അടിച്ചമര്‍ത്താന്‍ ആഭ്യന്തര വകുപ്പിനെയും പൊലിസിനെയും ഉപയോഗിക്കുന്നത് ഫാസിസമാണ്. അന്വേഷണത്തിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോണ്‍ ചോര്‍ത്താനുള്ള ശ്രമത്തെ ശക്തമായി എതിര്‍ക്കും. പൊലിസിന്റെ തലപ്പത്തെ അഴിമതി പുറത്തുവരുന്നത് സര്‍ക്കാരിനെയും പൊലിസിനെയും ഭയപ്പെടുത്തുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."