ദേവനന്ദ പുഴയില്‍ വീണത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍
കൊല്ലം: കഴിഞ്ഞമാസം 28ന് ഇത്തിക്കരയാറ്റില്‍ പള്ളിമണ്‍ ഇളവൂര്‍ ഭാഗത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയുസുകാരി ദേവനന്ദ പുഴയില്‍ വീണത് ബണ്ടിന് സമീപത്തല്ലെന്നും വീടിനു സമീപത്തെ കുളിക്കടവില്‍ നിന്നായിരിക്കാമെന്നും ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി പ്രൊഫസര്‍ കെ ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഫോറന്‍സിക്ക് വിദഗ്ധര്‍ ഇളവൂര്‍പ്പുഴയും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പരിശോധനാഫലം ഉടന്‍തന്നെ അന്വേഷണ സംഘത്തിന് കൈമാറും. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതോടെ കേസില്‍ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണു പൊലിസ്.
ദേവനന്ദയുടേതു മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. കേസ് അന്വേഷിക്കുന്ന പൊലിസ് സംഘത്തിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു സംഘം തെളിവെടുപ്പിന് എത്തിയത്. വീടിന് 75 മീറ്റര്‍ മാത്രം അകലെയുള്ള കുളിക്കടവില്‍ മുങ്ങിത്താഴ്ന്ന കുട്ടി ഒഴുക്കില്‍പ്പെട്ട് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയതാകാമെന്നാണ് അനുമാനം. മൃതദേഹ പരിശോധനയില്‍ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നു. ബണ്ടിന് സമീപത്താണ് ദേവനന്ദ വെള്ളത്തിലേക്കു വീണതെങ്കില്‍ വയറ്റില്‍ ഇത്രയും ചെളി ഉണ്ടാകില്ലായിരുന്നു. മാത്രമല്ല അങ്ങനെയാണെങ്കില്‍ മൃതദേഹം മറ്റെവിടെയെങ്കിലും പൊങ്ങാനായിരുന്നു കൂടുതല്‍ സാധ്യതയെന്നും ഫോറന്‍സിക് സംഘം വിലയിരുത്തി.
ഇരുപത് അടി താഴ്ചയുള്ള ചുഴികളും ചില ഭാഗങ്ങളില്‍ കൂറ്റന്‍ കരിങ്കല്ലുകളുമാണ് ആറിന്റെ പ്രത്യേകത. തടയണ ഭാഗത്തെ ഒറ്റയടിപ്പാതയിലെ ഇരുവശത്തും തറപറ്റിക്കിടക്കുന്ന മുള്ളുകളുള്ള കാട്ടുചെടികളുണ്ട്.
വിജനമായ റബ്ബര്‍തോട്ടത്തിലൂടെയും ആറിന്റെ തീരത്തെ ഒറ്റയടിപ്പാതിയിലൂടെയും ദേവനന്ദ വന്നിരുന്നെങ്കില്‍ മൃതദേഹത്തില്‍ എന്തുകൊണ്ട് ഒരു പോറല്‍പോലും ഏറ്റില്ലെന്നാണ് ഫോറന്‍സിക് സംഘം ചോദിക്കുന്നത്.
മാത്രമല്ല മൃതശരീരത്തിന് 27 കിലോ മാത്രം ഭാരമായിരുന്നതിനാല്‍ 190 സെന്റിമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് വളരെ നേരത്തെ മൃതദേഹം പൊങ്ങുമായിരുന്നു. മുങ്ങിമരിച്ചപ്പോള്‍ത്തന്നെ ദേവനന്ദ ചെളിയില്‍ താഴ്ന്നുപോകാനും ഇടയുണ്ടെന്നും സംഘം വിലയിരുത്തുന്നു. മൃതദേഹം അഴുകിത്തുടങ്ങിയപ്പോഴാണ് ജലപരപ്പില്‍ പൊങ്ങി ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്തേക്കു കടന്ന് മുള്ളു വള്ളിയില്‍ കുടുങ്ങി നിന്നതെന്നും കരുതുന്നു. കുടവട്ടൂരിലെ വീട്ടിലും അവിടെ ഒരു വര്‍ഷം മുമ്പ് ദേവനന്ദ പറയാതെ പോയ വഴികളും ഫോറന്‍സിക്ക് സംഘം പരിശോധിച്ചത് ഇളവൂരിലും ദേവനന്ദ തനിയെ പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."