കൊട്ടിയൂര്‍ പീഡനക്കേസ്; ജാമ്യഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി
കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈത്തിരിയിലെ ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. ജഡ്ജി പിന്‍മാറിയ സാഹചര്യത്തില്‍ ഹരജിയില്‍ ഇന്നലെ വിശദവാദം നടന്നില്ല. ഹരജി മാര്‍ച്ച് പത്തിന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്. എന്നാല്‍, സിസ്റ്റര്‍ ഒഫീലിയയെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കി.
അറസ്റ്റ് ചെയ്യുകയില്ലെന്ന് പൊലിസും കോടതിയെ അറിയിച്ചു. അറസ്റ്റ് ഒഴിവാക്കണമെന്ന സിസ്റ്റര്‍ ഒഫീലിയയുടെ അഭിഭാഷകന്റെ വാദം കണക്കിലെടുത്ത സിംഗിള്‍ബെഞ്ച് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നു ഹരജി മറ്റൊരു ബെഞ്ച് പരിഗണിക്കുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നു കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹരജിയില്‍ വാദം കേള്‍ക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. പള്ളിമേടയിലെ പീഡനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോമിലാണ് എത്തിച്ചതെന്നാണ് ആരോപണം. ഇക്കാരണത്താല്‍ കുട്ടിയെ കിട്ടിയ വിവരം സൂപ്രണ്ട് എന്ന നിലയില്‍ യഥാസമയം ശിശുക്ഷേമ സമിതിയെ അറിയിച്ചില്ലെന്നാരോപിച്ചാണ് സിസ്റ്റര്‍ ഒഫീലിയക്കെതിരേ ബാല നീതി നിയമപ്രകാരം പൊലിസ് കേസെടുത്തത്. കേസിലെ എട്ടാം പ്രതിയാണ് സിസ്റ്റര്‍ ഒഫീലിയ. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും കുട്ടിയെ ലഭിച്ച അന്നേ ദിവസം തന്നെ ഇക്കാര്യം ഓര്‍ഫനേജിലെ എന്‍ട്രി രജിസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ടെന്നും സിസ്റ്റര്‍ ഒഫീലിയ നല്‍കിയ ഹരജിയില്‍ പറയുന്നു.
മുന്‍കൂര്‍ ജാമ്യഹരജിയില്‍ തലശ്ശേരി കോടതിയില്‍ ഇന്നും വാദം
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ.റോബിന്‍ വടക്കുംചേരിയെ സഹായിച്ചെന്ന കുറ്റത്തിന് അറസ്റ്റുചെയ്തു പീഡിപ്പിക്കാന്‍ സാധ്യതയുെണ്ടന്നു ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് ക്രുസ്തുരാജ് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഇന്നും വാദം കേള്‍ക്കും. അതിനിടെ കേസിലെ മുഖ്യപ്രതി ഫാ. റോബിന്‍ വടക്കുംചേരിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലിസിന്റെ ഹരജിയും ഇന്നു പരിഗണനയ്ക്കു വരും.
ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ച മുന്‍കൂര്‍ ജാമ്യഹരജി പോക്‌സോ കേസുകള്‍ കൈകാര്യംചെയ്യുന്ന അഡീഷനല്‍ ജില്ലാ സെഷന്‍സില്‍ (അഡ്‌ഹോക് -ഒന്ന്) തന്നെ പരിഗണിക്കുന്നതാണ് ഉചിതമെന്നു ജില്ലാ ജഡ്ജി വി ജയറാം ഉത്തരവിടുകയായിരുന്നു. തുടര്‍ന്നു കേസ് നടപടികള്‍ പരിഗണിക്കുന്ന അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്കു തന്നെ ഹരജി മാറ്റി.
കേസിലെ മൂന്നുമുതല്‍ അഞ്ചുവരെ പ്രതികളായ കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, പീഡനത്തിനിരയായ കുട്ടിയുടെ പ്രസവമെടുത്ത ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ. ടെസി ജോസ്, ഇതേ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹരജിയാണു ജഡ്ജി ശ്രീകലാ സുരേഷ് ഇന്നു പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."