ഭൂമി നികത്താന്‍ കൈക്കൂലി; മൂന്നിയൂര്‍ സി.പി.എമ്മില്‍ വിവാദം
തിരൂരങ്ങാടി: ഭൂമിനികത്താന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്നിയൂര്‍ സി.പി.എമ്മില്‍ വിവാദം പുകയുന്നു. മൂന്നിയൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലാണ് സംഭവം. ലോക്കല്‍ കമ്മിറ്റി ഭാരവാഹിക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് ബ്രാഞ്ച് കമ്മിറ്റിയംഗം നേതൃത്വത്തെ സമീപിച്ചത്. അടുത്തിടെ കുന്നത്ത്പറമ്പിലെ സ്വകാര്യവ്യക്തിയുടെ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കുന്നതിനായി വയല്‍ നികത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതിയും നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലമുടമ പരാതി മരവിപ്പിക്കാന്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെയും ലോക്കല്‍ കമ്മിറ്റി ഭാരവാഹിയേയും സമീപിക്കുകയായിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം പരാതിയിന്മേല് തുടര്‍ നടപടികളിലേക്ക് കടക്കാതെ പ്രാദേശിക നേതൃത്വം പിന്മാറി.
ഇതിന്റെ മറവില്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പരാതിക്കാരായ പ്രാദേശിക പ്രവര്‍ത്തകര്‍ അറിയാതെ ഭൂ ഉടമയില്‍ നിന്നും ഭീമമായ സംഖ്യ കൈക്കൂലി വാങ്ങി എന്നാണ് ആക്ഷേപം ഉയര്‍ന്നത്. ഇതോടെ മൂന്നിയൂര്‍ സി.പി.എമ്മില്‍ ചേരിത്തിരിവ് രൂക്ഷമായിട്ടുണ്ട്. സംഭവത്തില്‍ ബന്ധപ്പെട്ട ആളുകള്‍ക്കെതിരേ നടപടിയില്ലെങ്കില്‍ ഉപരികമ്മിറ്റിക്ക് പരാതി നല്‍കാനും പ്രാദേശിക അംഗങ്ങള്‍ നീക്കം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."