പെരിങ്ങമ്മലയിലെ മാലിന്യ പ്ലാന്റിനെതിരേയുള്ള ഉണര്‍ത്തു ജാഥ ഇന്ന് സമാപിക്കും
സാറ മുഹമ്മദ് എസ്
നെടുമങ്ങാട് : ഒരു ഗ്രാമം ഒന്നിച്ച് സംഘടിപ്പിച്ച ഉണര്‍ത്തു ജാഥ കണ്ടെങ്കിലും ഉണരുമോ സര്‍ക്കാര്‍. മാലിന്യ പ്ലാന്റിനെതിരേ പെരിങ്ങമ്മല ഗ്രാമത്തിലെ ജനതയും ആദിവാസി സമൂഹവും നടത്തി വന്ന ഉണര്‍ത്തു ജാഥ ഇന്ന് സമാപിക്കും.
ജൈവ കാലവറയുടെ കലവയായ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഒരുപറ ഏഴാം ബ്ലോക്കില്‍ മാലിന്യ പ്ലാന്റ് പദ്ധതി കൊണ്ട് വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം 200 ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ ദിവസങ്ങള്‍ക്കിടയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ ഒരു ജനത ഒരുമിച്ചു നിന്നു നടത്തിയിട്ടും സര്‍ക്കാര്‍ ഇതൊന്നും കണ്ടില്ലെന്നു നടിച്ച് പ്ലാന്റിനായുള്ള പ്രവര്‍ത്തികള്‍ മുന്നോട്ടു കൊണ്ട് പോകുകയാണ്.
ആയിരങ്ങളെ പങ്കെടുപ്പിച്ച് പെരിങ്ങമ്മല പഞ്ചായത്തു ഓഫിസിലേക്ക് നടത്തിയ ജാഥ, പതിനായിരങ്ങളെ അണിനിരത്തി മൂന്നുദിവസം നാലപത്തിനാല് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു നിയമസഭയിലേക്ക് സങ്കട മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇതോടെ മാലിന്യ പ്ലാന്റ് വിഷയം നിയമസഭയില്‍ ചര്‍ച്ചയാകുകയും മന്ത്രിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കും എന്നൊക്കെ പറഞ്ഞിരുന്നുവെങ്കിലും മാസം കഴിഞ്ഞിട്ടും യാതൊന്നും നടന്നില്ല എന്ന് മാത്രമല്ല മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം അളന്നു തിട്ടപ്പെടുത്താനും മറ്റു ടെന്‍ഡര്‍ നടപടികളുമൊക്കെയായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയുമായിരുന്നു.
ഇതിനിടയില്‍ ജില്ല കലക്ടര്‍ വിളിച്ചു ചേര്‍ത്ത സംയുക്ത യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോന്‍ മാലിന്യ പ്ലാന്റിന് അനുകൂലമായ രീതിയില്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി പദ്ധതിക്കായി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കണ്ടെത്തിയ മാലിന്യ പ്ലാന്റ് പദ്ധതിയും ഉടന്‍ യാഥാര്‍ഥ്യമാകും. പദ്ധതിക്കെതിരെ സി.പി.എം ഭരിക്കുന്ന പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ഇത് വരെ പ്രമേയം പാസാക്കാനോ രംഗത്ത് വരാനോ തയാറായിട്ടില്ല.
മാലിന്യ പ്ലാന്റിനെതിരെ പ്രധിഷേധം ശക്തമായ സാഹചര്യത്തില്‍ നിരവധി സി.പി.എം, പ്രവര്‍ത്തകര്‍ സമര സമിതിയോടൊപ്പം നിലകൊള്ളുകയാണുണ്ടായത്.
മാലിന്യ പ്ലാന്റ് അഗ്രിഫാമിലെ നിര്‍ദിഷ്ട പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ തന്നെയെന്ന് ഏറെ കുറെ ഉറപ്പായ സാഹചര്യത്തിലാണ് സമര സമിതി ഉണര്‍ത്ത് സമരവുമായി രംഗത്തെത്തിയത്. മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാകുന്നതോടെ അഗസ്ത്യര്‍ മലയുടെ അടിവാരത്തു നിന്നും ഉത്ഭവിക്കുന്ന ചിറ്റാര്‍ നദിയടക്കമുള്ള നാല്‍പത്തിയാറോളം കുടിവെള്ള സ്രോതസുകള്‍ മലിനമാകും.
ഈ ജലസ്രോതസുകളാല്‍ ഒഴുകുന്ന വാമനപുരം നദി ഇതോടെ മലിനമാക്കപ്പെടുകയും നീരൊഴുക്ക് കുറഞ്ഞു നാശത്തിലേക്ക് എത്തുകയും ചെയ്യും. ആറ്റിങ്ങല്‍ മേഖലയിലെ വാമനപുരം നദിയെ ആശ്രയിക്കുന്ന ജനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്യും.
ഇത് ബോധ്യപ്പെടുത്താനും മാലിന്യ പ്ലാന്റ് യാഥാര്‍ഥ്യമാക്കാന്‍ നിലകൊള്ളുന്ന ജന പ്രതിനിധികളെ ബോധവല്‍കരിക്കാനും വേണ്ടിയായിരുന്നു ഉണര്‍ത്തു ജാഥ. പെരുമാതുറയില്‍ ആരംഭിച്ച ജാഥ വര്‍ക്കല, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, കല്ലറ തുടങ്ങിയ മേഖലകളില്‍ എണ്‍പതു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ് ഉണര്‍ത്തു ജാഥ കടന്നു പോയത്.
ഇതിന്റെ സമാപനം ഇന്ന് പാലോട്ട് മനുഷ്യ സാഗരം തീര്‍ത്തു നടക്കും. വൈകിട്ട് മൂന്നിന് കുശവൂര്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ജാഥ പാലോട് ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന മനുഷ്യ സാഗരത്തില്‍ എം എന്‍ കാരശ്ശേരി, ഷാജഹാന്‍, തുടങ്ങി സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."