അവനുതന്നെ ഇരിക്കട്ടെ ആ 'കുതിരപ്പവന്‍'
ബി.എസ് കുമാര്‍
ഏറ്റുമാനൂര്‍: വിദ്യാഭ്യാസരംഗത്തെ മികവിനു ലഭിച്ച അംഗീകാരം, ശ്രദ്ധേയ നേട്ടം കൈവരിച്ച വിദ്യാര്‍ഥിക്കു തന്നെ കൈമാറി സ്ഥാപനാധികാരി. ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് പരിശീലിച്ച പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയരക്ടര്‍ പി.ജോര്‍ജ് തോമസ് ആണു തനിക്കു ലഭിച്ച സ്വര്‍ണമാല വിദ്യാര്‍ഥിക്കു നല്‍കിയത്.
എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ സ്ഥിരമായി തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്ന സ്ഥാപനമാണ് പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍. ദേശീയതലത്തില്‍ നടക്കുന്ന ജെ.ഇ.ഇ (ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം) മെയിന്‍ പരീക്ഷയില്‍ 99.99 ശതമാനം മാര്‍ക്കോടെയാണ് ഇത്തവണ മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിഷ്ണു വിനോദ് സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. കേരളത്തില്‍നിന്ന് ആകെ 130 പേര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയപ്പോള്‍ ഇവരില്‍ 90 ശതമാനം മാര്‍ക്കിനു മുകളിലുള്ള 22 പേരും മാന്നാനം കെ.ഇ സ്‌കൂളില്‍നിന്നായിരുന്നു. പരീക്ഷാഫലം പുറത്തുവന്നതിനു പിന്നാലെ കെ.ഇ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജെയിംസ് മുല്ലശ്ശേരിക്കും ബ്രില്യന്റ് ഡയരക്ടര്‍ ജോര്‍ജ് തോമസിനും അഭിനന്ദനപ്രവാഹമായിരുന്നു. പാലായിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോര്‍ജിന് ഒരു പവന്റെ മാല സമ്മാനിക്കുകയും ചെയ്തു.
സുഹൃത്തുക്കള്‍ നല്‍കിയ സ്‌നേഹോപഹാരത്തിനു താനല്ല യഥാര്‍ഥ അവകാശി എന്ന നിലപാടിലായിരുന്നു ജോര്‍ജ് തോമസ്. മാന്നാനം കെ.ഇ സ്‌കൂളില്‍ നടന്ന 'നിറച്ചാര്‍ത്ത് - 2019' കലാസന്ധ്യയ്ക്കിടെയായിരുന്നു രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും ഹര്‍ഷപുളകിതരാക്കി ജോര്‍ജ് വിഷ്ണുവിനു മാല കൈമാറിയത്. വിഷ്ണുവിനെ ആദരിക്കുന്ന ചടങ്ങില്‍ താന്‍ ഒരു സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഫാ. ജെയിംസിനോട് ജോര്‍ജ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ എന്താണു സമ്മാനമെന്നു പറഞ്ഞിരുന്നില്ല. വേദിയിലും സദസിലും ഉണ്ടായിരുന്നവരെ ഒരുപോലെ ഞെട്ടിച്ചാണു സ്വര്‍ണമാലയെടുത്ത് ജോര്‍ജ് വിഷ്ണുവിനെ അണിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."