കുടുംബശ്രീ മാട്രിമോണിയലിലൂടെ സിന്ധു ബാലന് സംസ്ഥാന പുരസ്‌കാരം
പെരുമ്പിലാവ്: വിവാഹത്തട്ടിപ്പുകള്‍ തടയുന്നതിനായി പോര്‍ക്കുളത്ത് ആരംഭിച്ച കുടുംബശ്രീ മാട്രിമോണിയലിനു സംസ്ഥാന സര്‍ക്കാരിന്റെ ആദരം. വനിതകളുടെ മികച്ച ആശയ ആവിഷ്‌ക്കാരത്തിനാണ് പോര്‍ക്കുളം കുടുംബശ്രീ മാട്രിമോണിയലിലൂടെ സിന്ധു ബാലന് സംസ്ഥാനതല പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്.
പോര്‍ക്കുളം പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റ് പുതുതായി ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ സിന്ധുവിന് മാട്രിമോണിയല്‍ എന്ന ആശയം പങ്കുവെക്കുന്നത്. പല മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പാക്കിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അതൊരു വെല്ലുവിളിയായിരുന്നില്ല.
അതുകൊണ്ടു തന്നെ തെല്ലുപോലും സംശയിക്കാതെ അംഗങ്ങള്‍ ഒക്കെ പറഞ്ഞു. അങ്ങനെ കുടുംബശ്രീ മാട്രിമോണിയല്ലെന്ന ആശയം സംസ്ഥാന തലത്തില്‍ വരെ ശ്രദ്ധേയമായി. കഴിഞ്ഞ വര്‍ഷം ജൂലൈ 25 നാണ് പോര്‍ക്കുളം പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടത്തില്‍ കുടുംബശ്രീ മാട്രിമോണിയല്‍ ആരംഭിച്ചത്. തുടര്‍ന്ന് 28 ഓളം വിവാഹങ്ങളാണ് മാട്രിമോണിയല്‍ വഴി ഇവര്‍ നടത്തികൊടുത്തത്.
കുടുംബശ്രീ അംഗങ്ങളുടെ ആണ്‍കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ 500 രൂപയും അല്ലാത്തവര്‍ക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ബന്ധങ്ങള്‍ കേരളത്തിലെവിടെയായിരുന്നാലും ആ മേഖലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപെട്ടാല്‍ യഥാര്‍ത്ഥ വസ്ഥുത തിരിച്ചറിയാമെന്നതിനാല്‍ ഇവിടെ നിന്നും കൃത്യവും സത്യവുമായി വിവരങ്ങള്‍ ലഭ്യമാകുമെന്നതാണ് പ്രത്യേകതയായി കരുതുന്നത്. നിശ്ചിത ഫീസടച്ച് രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍, സോഷ്യല്‍ മീഡിയ, വെബ്‌സെറ്റ് എന്നിവയിലൂടെയാണ് വിവരങ്ങള്‍ നല്‍കുന്നത് . അപേക്ഷകരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ അതാതു പ്രദേശത്തുള്ള കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കാണ് ചുമതല.
വിവാഹത്തട്ടിപ്പുകള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ പോര്‍ക്കുളത്തെ കുടുംബശ്രീ മാട്രിമോണിയല്‍ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മാറിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച സിന്ധുവും സംസ്ഥാനതലത്തില്‍ അംഗീകരിക്കപ്പെടുകയാണ്. പോര്‍ക്കുളം സ്വദേശിയായ കോഴിപ്പറമ്പ് ബാലന്റെ ഭാര്യയാണ് അവാര്‍ഡിന് അര്‍ഹയായ സിന്ധു. ശിശിര,സൗരവ് എന്നിവര്‍ മക്കളാണ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,സിന്ധുവിന് പുരസ്‌കാരം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."