നാവിക അക്കാദമിയിലേക്കുള്ള കുടിവെള്ള ടാങ്കര്‍ തടഞ്ഞു: നാലുപേര്‍ കസ്റ്റഡിയില്‍
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാന്റ് പ്രശ്‌നത്തില്‍ സമരം ചെയ്യുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നാവിക അക്കാദമിയിലേക്ക് വെള്ളവുമായി എത്തിയ ടാങ്കര്‍ ലോറി തടഞ്ഞു. വയോധികരായ രണ്ടു സ്ത്രീകളടക്കം നാലുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 11ഓടെ കുന്നത്തെരുവില്‍ ലോറി തടഞ്ഞത് പൊലിസ് ഇടപെട്ട് തിരിച്ചയച്ചിരുന്നു. എന്നാല്‍ രാത്രി 8.30ഓടെ നാവിക അക്കാദമിയിലേക്കു വീണ്ടും ടാങ്കര്‍ ലോറിയില്‍ വെള്ളം കൊണ്ടുവരികയായിരുന്നു. സമരസമിതി കണ്‍വീനര്‍ കെ.പി രാജേന്ദ്രകുമാര്‍, പി.കെ നാരായണന്‍, കെ.പി കുഞ്ഞിപാര്‍വതി, കെ.പി ഭാര്‍ഗവി എന്നിവരെയാണ് എസ്.ഐ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലിസ് രാത്രി കസ്റ്റഡിയിലെടുത്തത്.
വനിതാ പൊലിസിന്റെ സാന്നിധ്യമില്ലാതെയാണു വനിതകളടക്കമുള്ള സമരസമിതി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളിയില്‍ പ്രകടനം നടത്തി.
അക്കാദമി പ്ലാന്റില്‍ നിന്നുള്ള മലിന ജലം ഒഴുകിയെത്തി രാമന്തളിയിലെ കിണറുകള്‍ ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ അക്കാദമിയിലേക്ക് ശുദ്ധജലം കൊണ്ടുപോകുന്നതിനെ ചോദ്യം ചെയ്തായിരുന്നു രാവിലെ ടാങ്കര്‍ ലോറി തടഞ്ഞത്. പ്രവര്‍ത്തകര്‍ ടാങ്കര്‍ തടഞ്ഞ ശേഷം മുദ്രാവാക്യം വിളിച്ച് ലോറിക്ക് മുന്നിലായി റോഡില്‍ കുത്തിയിരുന്നു.
പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും ടാങ്കര്‍ ലോറി അക്കാദമിക്കകത്തേക്ക് കടത്തിവിട്ടില്ല. പൊലിസ് ഇടപ്പെട്ട് ടാങ്കര്‍ ലോറി തിരിച്ചയച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."