ഉപ്പളയില്‍ അനുവദിച്ച പൊലിസ് സ്റ്റേഷന്‍ പൈവളിഗെയിലേക്ക്; പിന്നില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം
ഉപ്പള: ഉപ്പളയില്‍ അനുവദിച്ച പൊലിസ് സ്റ്റേഷന്‍ പൈവളിഗെയിലേക്ക് മാറ്റിയതായി ആരോപണം. ഉപ്പള ടൗണില്‍നിന്നു 12 കിലോമീറ്റര്‍ അകലെയുള്ള പൈവളിഗെയിലേക്ക് സ്റ്റേഷന്‍ മാറ്റുന്നതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം. പൊലിസ് സ്റ്റേഷന്‍ ഉപ്പള ടൗണില്‍ തന്നെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
കഞ്ചാവ് മാഫിയ, ഗുണ്ടാ വിളയാട്ടം, രാത്രികാലങ്ങളിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനം, കള്ളക്കടത്ത്, ലഹരി വില്‍പന തുടങ്ങി പൊലിസിന് തലവേദനയായി മാറിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഉപ്പള.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വിദ്യാനഗറിലും ഉപ്പളയിലും പൊലിസ് സ്റ്റേഷന്‍ എന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്‍ അനുവദിച്ചെങ്കിലും ഉപ്പളയില്‍ പൊലിസ് സ്റ്റേഷനെന്ന ആവശ്യം ഫയലില്‍ തന്നെ ഉറങ്ങുകയായിരുന്നു.
നേരത്തെ പി.ബി അബ്ദുറസാഖ് എം.എല്‍.എ നിയമസഭയില്‍ ഉപ്പള പൊലിസ് സ്റ്റേഷന്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്റ്റേഷന്‍ ഉപ്പളയില്‍ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഹര്‍ത്താല്‍ ദിനത്തിലുണ്ടായ സാമുദായിക സംഘര്‍ഷം കണക്കിലെടുത്ത് ഉപ്പള ആസ്ഥാനമായി അടിയന്തിരമായി പൊലിസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി ഡി.ജി.പിക്ക് പ്രത്യേകം കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി പ്രദേശമായതിനാല്‍ സാമുദായിക സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഉപ്പള.
ഉപ്പളയില്‍ നിലവില്‍ പൊലിസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ആവശ്യത്തിന് വാഹനങ്ങളോ പൊലിസുദ്യോഗസ്ഥരുടെ സേവനമോ ഇവിടെ ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ട്.
ഉപ്പളയിലെ എയ്ഡ് പോസ്റ്റ് പൈവളിഗെയിലേക്ക് മാറ്റി പൊലിസ് സ്റ്റേഷന്‍ ഉപ്പളയില്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."