HOME
DETAILS
MAL
കോവിഡ് 19; സഊദിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചു
backup
March 08 2020 | 19:03 PM
ജിദ്ദ: സഊദിയിൽ കോവിഡ് 19 വ്യാപന ഭീതിയെ തുടർന്ന് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതലാണ് അവധി പ്രാബല്യത്തിൽ വരുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർക്കാർ സ്‌കൂളുകൾക്കും, സ്വകാര്യ സ്‌കൂളുകൾക്കും, ഇന്റർനാഷണൽ സ്‌കൂളുകൾക്കും, യൂണിവേഴ്സിറ്റികൾക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങൾക്കും അവധിയായിരിക്കും. കോവിഡ് പ്രതിരോധ ഉന്നത തല സമിതിയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രഖ്യാപിക്കുന്ന തീരുമാനം ഉണ്ടാവുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കെ മന്ത്രാലയത്തിന്റെ Vschool.sa പോര്‍ട്ടല്‍ വഴി വിദൂര വിദ്യാഭ്യാസം നടപ്പാക്കാവുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത ടി.വി ചാനലുകളും യൂട്യൂബും ഉപയോഗപ്പെടുത്താം.സ്‌കൂളുകള്‍ അടച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും ജാഗ്രതാ സമിതിയുടെ കൃത്യമായ വിലയിരുത്തലിന് ശേഷമേ സ്‌കൂളുകള്‍ തുറക്കുകയുളളൂവെന്നും മന്ത്രാലയം അറിയിച്ചു.
വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള നടപടി രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും അവധി ബാധകമാണ്.
അതിനിടെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ നടപടി ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്വകാര്യ സ്‌കൂളുകള്‍ ഇതിനകം അവധി അറിയിപ്പ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയച്ചിട്ടുണ്ട്.
സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുടെ കാര്യം തിങ്കളാഴ്ച ഉന്നത അധികൃതരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൗക്കത്ത് പര്‍വേസ് അറിയിച്ചു. ജിദ്ദ ഇന്ത്യന്‍ സ്‌കൂളിനും അവധിയായിരിക്കുമെന്ന് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."