ഇന്ന് വനിതാദിനം: പെണ്‍കുട്ടികള്‍ക്കു മനക്കരുത്തും കൈക്കരുത്തും പകര്‍ന്ന് സാജിദ
കൊളത്തൂര്‍: ആയോധന കലകളായ കളരിപ്പയറ്റ്, കരാട്ടെ, വുഷു, കുങ്ഫു, യോഗ എന്നിവയെ ജനകീയമാക്കുന്ന തിരക്കിലാണ് സാജിദ. സ്ത്രീ പീഡനങ്ങള്‍ തുടര്‍കഥയാകുന്ന കാലഘട്ടത്തില്‍ സ്വയരക്ഷയ്ക്കുള്ള പരിശീലനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെ സാജിദയെത്തേടി എത്തിത്തുടങ്ങി.
പെണ്‍കുട്ടികള്‍ക്ക് ആയോധന കലകളെ പരിശീലിപ്പിക്കാന്‍ സാജിദയോടൊപ്പം കരിങ്ങനാട് സ്വദേശി മിനി ശിവദാസ് (40), പുലാമന്തോള്‍ സ്വദേശി പ്രസന്ന (50), കട്ടുപ്പാറ സ്വദേശി സരള (35)എന്നിവരുമുണ്ട്. പതിനാറാം വയസിലാണ് സാജിദ ആയോധന കലയിലേക്കു രംഗത്തിറങ്ങുന്നത്. ഭര്‍ത്താവ് ചെറുകര പുളിങ്കാവ് കുപ്പുത്ത് മുഹമ്മദലിയാണ് ആയോധന കലകള്‍ പഠിപ്പിച്ചത്.
കരാട്ടേയിലും കുങ്ഫുവിലും ബ്ലാക്ക് ബെല്‍റ്റ് നേടിയ സാജിദ, കളരിപ്പയറ്റിലേയും വുഷുവിലേയും എല്ലാ അഭ്യാസങ്ങളും പഠിച്ചെടുക്കുകയും മറ്റ് ആയോധന കലകളില്‍ മാസ്റ്റര്‍ ഡിഗ്രി നേടുകയും ചെയ്തിട്ടുണ്ട്. നിരവധി സര്‍ക്കാര്‍ പദ്ധതികളിലും പഞ്ചായത്തുകളിലും സ്‌കൂളുകളിലും സാജിദയുടെ കീഴിലുള്ള സംഘം പെണ്‍കുട്ടികള്‍ക്കായി പരിശീലനം നല്‍കുന്നു.
പുലാമന്തോള്‍ പഞ്ചായത്തിലും പെരിന്തല്‍മണ്ണയിലും സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി മലപ്പുറം, പാലക്കാട് ജില്ലകളിലുമം ഇപ്പോള്‍ പരിശീലനം നല്‍കുന്നുണ്ട്. ഇന്ന് അഞ്ചു മുതല്‍ 50 വയസുവരെ പ്രായമുള്ള ആയിരത്തിയഞ്ഞൂറോളം ശിഷ്യകളുണ്ട് ഇവര്‍ക്ക്.
മലപ്പുറം ജില്ലാ യോഗാസന ചാംപ്യന്‍ഷിപ്പില്‍ നാലു വര്‍ഷത്തോളമായി ഓവറോള്‍ കിരീടം സാജിദയുടെ കീഴിലുള്ള സ്‌കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഐ.ടി.കെക്കാണ്. കഴിഞ്ഞ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി ബംഗളൂരുവില്‍ നടക്കുന്ന നാഷണല്‍ യോഗാ ചാംപ്യന്‍ഷിപ്പില്‍ സരള കട്ടുപ്പാറയും പ്രസന്ന പുലാമന്തോളും കേരളത്തിനുവേണ്ടി മത്സരിക്കുന്നുണ്ട്. ഇവരും സാജിദയുടെ ശിഷ്യകളാണ്.
45ാമത് സ്‌പോര്‍ട്‌സ് മത്സരത്തില്‍ യോഗ കായിക ഇനമായി ഉള്‍പ്പെടുത്തിയതിന് ശേഷം കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന യോഗാ മത്സരത്തില്‍ വിജയിച്ച് നാഷണല്‍ ഫെഡറേഷല്‍ കപ്പ് മത്സരത്തില്‍ കേരളത്തിനുവേണ്ടി അഞ്ചു പേര്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ ഷാന പര്‍വീനും സംഘത്തിനും പരിശീലനം നല്‍കുന്നതും സാജിദയാണ്. കഴിഞ്ഞ 16ാമത് വുഷു ചാംപ്യന്‍ ഷിപ്പില്‍ കേരളത്തിനുവേണ്ടി വെള്ളി നേടിയ ശില്‍പ ശിവദാസും ശിഷ്യയാണ്. മുഹമ്മദ് ജാസില്‍, ഫാത്തിമ, ആയിഷ എന്നിവര്‍ മക്കളാണ്. മൂന്നു വയസുകാരി ആയിഷയെ അടുത്ത വര്‍ഷം മുതല്‍ കളരി അഭ്യസിപ്പിക്കാനാണ് സാജിതയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."