നാലാം അങ്കത്തിന്
ഹാമില്ട്ടണ്: ന്യൂസിലന്ഡിനെതിരേ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് നാലാം മത്സരത്തിനിറങ്ങും. ഹാമില്‍ട്ടണില്‍ നടക്കുന്ന മത്സരത്തിലും ജയത്തില്‍ കുറഞ്ഞതൊന്നും നീലപ്പട ചിന്തിക്കുന്നില്ല. 10 വര്‍ഷങ്ങള്‍ക്കു ശേഷം ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയം കൂടിയാണിത്. വിശ്രമം അനുവദിച്ച വിരാട് കോഹ്ലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. തന്റെ 200ാം ഏകദിന മത്സരത്തിനാണ് രോഹിത് ഇന്നിറങ്ങുന്നത്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഏകപക്ഷീയമായ വിജയമാണ് കോഹ്ലിയുടെ കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ കളിയില്‍ എട്ടു വിക്കറ്റിന്റെ വിജയവുമായി തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ 90 റണ്‍സിനും മൂന്നാമത്തെ കളിയില്‍ ഏഴു വിക്കറ്റിനും കിവികളെ പരാജയപ്പെടുത്തി. പരമ്പര നേടിയതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. കോഹ്ലിയുടെ പകരക്കാരനായി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് സൂചന. അണ്ടര്‍ 19 ലോകകപ്പിനു ശേഷം ഐ.പി.എല്ലിലും ഇന്ത്യന്‍ എ ടീമിനും രഞ്ജിയില്‍ പഞ്ചാബിന് വേണ്ടിയുമെല്ലാം ശ്രദ്ധേയമായ പ്രകടനമാണ് ഗില്‍ നടത്തിയത്. പരുക്കിനെ തുടര്‍ന്നു മൂന്നാം ഏകദിനത്തില്‍ നിന്ന് വിട്ടുനിന്ന മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോണി നാലാം ഏകദിനത്തില്‍ ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് വിവരം. ധോണി മടങ്ങിയെത്തിയാല്‍ ദിനേഷ് കാര്‍ത്തിക്കിനാവും സ്ഥാനം നഷ്ടമാവുക. ടീമില്‍ മറ്റു കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാവാനിടയില്ല.
സ്വന്തം നാട്ടില്‍ ഇന്ത്യക്കു മുന്നില്‍ ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലാണ് കിവീസ്. പരമ്പരയിലെ ശേഷിച്ച രണ്ടു കളികളിലും ജയിച്ച് മാനം കാക്കാനായിരിക്കും ഇനി കിവികളുടെ ശ്രമം. മൂന്നാം ഏകദിനത്തില്‍ കളിച്ച ടീമില്‍ കിവീസ് ചില മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുമുള്ള ടീമിലുള്‍പ്പെടുത്തിയ ജയിംസ് നീഷാമും ടോഡ് ആസിലും ആദ്യ ഇലവനിലെത്തിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."