ബി.ജെ.പിയുമായി സഖ്യം; അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ ഭിന്നത
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. ബി.ജെ.പിയുമായി സഖ്യം വേണമെന്ന ഒരു വിഭാഗത്തിന്റെ തീരുമാനത്തെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത് അണ്ണാ ഡി.എം.കെയില്‍ പുതിയ കലാപത്തിനു തിരികൊളുത്തിയിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെ വിവാദത്തിന് ആദ്യം തിരികൊളുത്തിയത് രാജ്യസഭാ അംഗം വി. മൈത്രേയനാണ്. സീറ്റ് ധാരണ, പ്രകടന പത്രിക, തെരഞ്ഞെടുപ്പ് തന്ത്രം എന്നിവ ആവിഷ്‌കരിക്കുന്ന പാനലില്‍നിന്ന് മൈത്രേയനെ മാറ്റിയതിനെ തുടര്‍ന്നാണ് അദ്ദേഹം നേതൃത്വത്തിനെതിരേ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയത്.
ബി.ജെ.പിയുമായുള്ള സഖ്യം വേണമെന്ന അണ്ണാ ഡി.എം.കെയിലെ ശബ്ദമാണ് മൈത്രേയന്‍. ബി.ജെ.പിയുമായി സംഖ്യം സ്ഥാപിച്ചില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ നേതൃത്വത്തെ ഓര്‍മിപ്പിച്ചത്. എന്നാല്‍ പല നേതാക്കളും ഇതിനെ തള്ളിയിരിക്കുകയാണ്.
2014ലെ തെരഞ്ഞെടുപ്പില്‍ 39 ലോക്‌സഭാ സീറ്റുകളില്‍ 37ഉം നേടി അണ്ണാ ഡി.എം.കെ കരുത്ത് തെളിയിച്ചിരുന്നു. എന്നാല്‍ 2016 ഡിസംബറില്‍ പാര്‍ട്ടി അധ്യക്ഷ ജയലളിതയുടെ മരണത്തോടെ പാര്‍ട്ടി പിളരുകയും കൂടുതല്‍ ക്ഷീണിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ബി.ജെ.പിയെ കൂട്ടുപിടിക്കാന്‍ അണിയറയില്‍ നീക്കം ശക്തമായത്.
കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തെ നേരിടാന്‍ ബി.ജെ.പി തമിഴ്‌നാട്ടില്‍ ശക്തമായ മുന്നണി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് പറഞ്ഞിരുന്നു. എന്നാല്‍ അണ്ണാ ഡി.എം.കെയുമായി സഖ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിക്കുകയും ചെയ്തു. എന്നാല്‍ ബി.ജെ.പിയുമായുള്ള സഖ്യം സാധ്യമാണെന്ന രീതിയിലാണ് അണ്ണാ ഡി.എം.കെ നേതാക്കള്‍ നീങ്ങിയത്. ഇതിനിടയിലാണ് അപസ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സീറ്റ് ധാരണ, മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യം തുടങ്ങിയവയെ സംബന്ധിച്ച് ഈ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. എന്നാല്‍ ബി.ജെ.പിയുമായി സഖ്യം സ്ഥാപിക്കുന്നതിനെ മുതിര്‍ന്ന നേതാക്കളായ എം. തമ്പിദുരൈ, മുന്‍മന്ത്രി സി. പൊന്നയ്യന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍, വിവരാവകാശ വകുപ്പ് മന്ത്രി കടമ്പൂര്‍ രാജു തുടങ്ങിയവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുന്‍പ് സഹകരണ മന്ത്രി സെല്ലൂര്‍ കെ. രാജുവും ബി.ജെ.പിയുമായുള്ള സഖ്യത്തെ തള്ളിപ്പറഞ്ഞിരുന്നു. 39 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതുച്ചേരിയിലും ആര്‍ക്കും സീറ്റ് വിട്ടുനല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."