കേസുകള്‍ വര്‍ധിക്കുന്നു: വേണ്ടത്ര അംഗബലമില്ല: നടുവൊടിഞ്ഞ് മഞ്ചേരി പൊലിസ്
മഞ്ചേരി: കേസുകള്‍ വര്‍ധിക്കുമ്പോഴും അംഗബലമില്ലാതെ കുഴങ്ങി മഞ്ചേരി പൊലിസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ആയിരം കടന്നു. എന്നാല്‍ പൊലിസ് വിഭാഗത്തില്‍ അംഗബലമില്ലാത്തതു വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
അഞ്ചു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്ന സ്റ്റേഷന്‍ പരിധിയുള്ള മഞ്ചേരി പൊലിസ് സ്‌റ്റേഷനില്‍ ഉള്ളത് 61 ഉദ്യോഗസ്ഥരാണ്. ജില്ലാ ജയില്‍,12 കോടതികള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന മഞ്ചേരിയില്‍ പൊലിസിനു തിരക്കുപിടിച്ചതാണ് ഒരോ ദിവസവും. ആവശ്യത്തിനു പൊലിസുകാരില്ലാത്തതു സുതാര്യമായ കൃത്യനിര്‍വഹണത്തെ ബാധിക്കുകയാണ്. ജയിലില്‍നിന്നു പ്രതികളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റും എസ്‌കോര്‍ട്ട് പോകുന്നതിനും കോടതി ഡ്യൂട്ടികള്‍ക്കും രാത്രികാല പട്രോളിങ്ങിനും ട്രഷറിഗാര്‍ഡിനും എല്ലാമായി ഉദ്യോഗസ്ഥര്‍ തികയുന്നില്ലെന്നാണ് ആക്ഷേപം.
ഇതിനെല്ലാം പുറമേ, കോടതിയില്‍ കൊണ്ടുവരുന്ന പ്രതികള്‍ക്കു സുരക്ഷയൊരുക്കുന്നതിനും ദിനേനയുള്ള മറ്റു ജോലികള്‍ക്കുകൂടി ഉള്ളവരെവച്ചു തികക്കുകയാണ്. മാവോയിസ്റ്റ് പ്രതികള്‍, ജില്ലയിലെ കൊലപാതക കേസുകളിലെ പ്രതികള്‍ തുടങ്ങിയ പ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ സെഷന്‍സ് കോടതി മഞ്ചേരിയിലാണ്. ഇത്തരം പ്രതികളെ ഹാജരാക്കുന്ന സമയങ്ങളിലെല്ലാം പൊലിസിന്റെ സേവനം അനിവാര്യമാണ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ കോടികളുടെ കുഴല്‍പ്പണ വേട്ടയാണ് മഞ്ചേരിയില്‍ മാത്രമായി നടന്നത്. ദിനംപ്രതി നടക്കാറുള്ള കഞ്ചാവ്, മോഷണക്കേസുകള്‍ വേറെയും. മഞ്ചേരി പഴയ ബസ് സ്റ്റാന്‍ഡ്, കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് എന്നിവ കഞ്ചാവ് മാഫിയ പിടിമുറുക്കിയ കേന്ദ്രങ്ങളാണ്. ഇവരെ പിടികൂടാന്‍ പൊലിസിന്റെ തുടരെയുള്ള അന്വേഷണങ്ങള്‍ ആവശ്യമാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പന മഞ്ചേരിയില്‍ തകൃതിയായി നടക്കുന്നുണ്ടന്നു കഴിഞ്ഞ ദിവസം പൊലിസിനു വിവരം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."